ബിപോര്‍ജോയ് ഗുജറാത്ത് തീരം തൊടുമ്പോള്‍

അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത ആശങ്കക്കും ജാഗ്രതക്കുമിടെ 15/06/23 വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തില്‍ തീരംതൊടല്‍ പ്രക്രിയയിലേക്ക് കടന്നു. വടക്ക്- വടക്കുകിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് സൗരാഷ്ട്ര, കച്ച് തീരത്തേക്ക് നീങ്ങിയ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെയാണ് ജഖാവു തുറമുഖത്തിന് സമീപമെത്തിയത്. സാങ്കേതികമായി ചുഴലിക്കാറ്റിന്റെ മധ്യഭാഗം (കണ്ണ്) കരയില്‍ പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് കരയില്‍ പ്രവേശിക്കാന്‍ തുടങ്ങി എന്ന് പറയുക. തീരം തൊടല്‍ പ്രക്രിയ അര്‍ധരാത്രി വരെ നീണ്ടു.

കടല്‍ പ്രക്ഷുബ്ധം
തീരം തൊടുന്നതിന് മണിക്കൂറുകള്‍ മുന്പ് തന്നെ ഗുജറാത്ത് തീരമേഖലയില്‍ കനത്ത മഴയും കാറ്റുമെത്തി. തീരദേശ ജില്ലകളില്‍ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍, പോര്‍ബന്ധര്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായി. രണ്ട് മുതല്‍ ആറ് മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നു. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ഒരു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയും അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തീരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 20ഓളം ഗ്രാമങ്ങളില്‍ നിന്നുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ ജില്ലകളിലെ പ്രദേശങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ നേരത്തേ മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പുമുണ്ട്. മുന്നൊരുക്കങ്ങള്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു.

സജ്ജം
രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണെന്ന് എന്‍ ഡി ആര്‍ എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവയുടെ സഹായം തേടും. ചുഴലിക്കാറ്റ് ദക്ഷിണ രാജസ്ഥാനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരസേന, നാവികസേന, വ്യോമസേന, തീര സംരക്ഷണ സേന എന്നിവ തയ്യാറെടുപ്പുകള്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിവിധ ജില്ലകളില്‍ 16/06/23 ശനിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നൂറോളം ട്രെയിനുകള്‍ റദ്ദാക്കി.
പാക്കിസ്ഥാനിലും ബിപോര്‍ജോയ് ബാധിക്കും. സിന്ധിലെ കേടീബന്ദറിലാണ് തീരം തൊടുക. അവിടെ 82,000ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അഞ്ച് ജില്ലകളില്‍ കനത്ത നാശമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കാറ്റഗറി മൂന്നില്‍പ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായാണ് ബിപോര്‍ജോയിയെ തരംതിരിച്ചിരിക്കുന്നത്. ബംഗാളി ഭാഷയില്‍ ദുരന്തം എന്നാണ് ബിപോര്‍ജോയിക്ക് അര്‍ഥം.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →