എടത്വാ: സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. കരുവാറ്റ ചക്കിട്ടയിൽ വീട്ടിൽ ജയചന്ദ്രനാണ് (43) ആണ് എടത്വാ പൊലീസിന്റെ പിടിയിലായത്. തലവടി സ്വദേശിയായ വാളംപറമ്പിൽ ഗോപകുമാറിനെ സിങ്കപ്പൂരിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 90,000 രൂപ വാങ്ങി ഇയാൾ മുങ്ങുകയായിരുന്നു.
ഗോപകുമാറിന്റെ പരാതിയെ തുടർന്ന് പൊലീസിന്റെ അന്വേഷണത്തിനിടെ എറണാകുളത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. തൃക്കൊടിത്താനം, ചെങ്ങന്നൂർ, എരുമേലി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. മൂന്ന് വർഷമായി നാട്ടിൽനിന്നും മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എടത്വാ സി.ഐ അനന്ദ ബാബു, എസ്.ഐ മഹേഷ്, സീനിയർ സി.പി.ഒ മാരായ സുനിൽ, ലിസമ്മ, സി.പി.ഒമാരായ രാഗി, ജസ്റ്റിൻ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.