കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതം : പിണറായി പൊറാട്ട് നാടകം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനായാണ് കെ. സുധാകരനെതിരെ കേസെടുത്ത് പൊറാട്ട് നാടകം കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇത് കൊണ്ടൊക്കെ പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണ്. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും കൈക്കൊള്ളുന്നത്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഗോവിന്ദൻ മാഷ് പറയുന്നത് കേട്ടാൽ അദ്ദേഹമാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നും. നിങ്ങൾ കേസെടുത്ത് ആരെയാണ് വിരട്ടാൻ നോക്കുന്നത്?. പൊലീസ് അവരുടെ ജോലി മാന്യമായി ചെയ്തില്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും. പാർട്ടി സെക്രട്ടറി പറയുന്നത് അനുസരിച്ച് ജോലി ചെയ്യലല്ല പൊലീസിന്റെ പണി. തുടർ ഭരണം ലഭിച്ചതിന്റെ അഹങ്കാരത്തിൽ എന്തുമാവാമെന്ന ഹുങ്കിന് ജനങ്ങൾ മറുപടി നൽകുന്ന കാലം വിദൂരമല്ലെന്നും ചെന്നിത്തല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →