എന്തിനാണ് സൂര്യകാന്തി കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്?

സൂര്യകാന്തി വിളകളുടെ സംഭരണത്തിനു മിനിമം താങ്ങുവില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയപാത ഉപരോധിച്ചു. കുരുക്ഷേത്ര ജില്ലയിലെ പിപ്ലി ഗ്രാമത്തില്‍ നടന്ന മഹാപഞ്ചായത്ത് യോഗത്തിലാണ് ദേശീയപാത 44 ഉപരോധിക്കാന്‍ തീരുമാനിച്ചത്. തിരക്ക് ഒഴിവാക്കാന്‍ ഡല്‍ഹി- ചണ്ഡീഗഡ് റൂട്ടില്‍ ഗതാഗതം തിരിച്ചുവിട്ടു.

മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ച ഇടക്കാലാശ്വാസത്തില്‍ തൃപ്തരാകാതെയാണ് കര്‍ഷകര്‍ ദേശീയപാത ഉപരോധത്തിലേക്കു നീങ്ങിയത്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നും മറ്റ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷക നേതാക്കള്‍ ‘മിനിമം താങ്ങുവില നല്‍കൂ, കര്‍ഷകരെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി മഹാപഞ്ചായത്തിനെത്തി.
ഭവന്തര്‍ ഭര്‍പായ് യോജനയ്ക്കു (ബി.ബി.വൈ.) കീഴില്‍ 8,528 കര്‍ഷകര്‍ക്കാണ് മുഖ്യമന്ത്രി 10/06/23 ശനിയാഴ്ച 29.13 കോടി ഇടക്കാലാശ്വാസം അനുവദിച്ചത്. മിനിമം താങ്ങുവിലയ്ക്കു താഴെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകര്‍ക്ക് നിശ്ചിത നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണ് ബി.ബി.വൈ. ഈ പദ്ധതിക്കു കീഴില്‍ സൂര്യകാന്തി വിളയെ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചതാണ്. ഇതനുസരിച്ച് ക്വിന്റലിന് 1,000 രൂപ കണക്കിലാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍, സൂര്യകാന്തി ക്വിന്റലിന് 6,400 മിനിമം താങ്ങുവിലയില്‍ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ സമരത്തിലുള്ള ഒളിമ്പ്യന്‍ ഗുസ്തിതാരം ബജ്റംഗ് പുനിയയും മഹാപഞ്ചായത്തില്‍ പങ്കെടുത്തു. നേരത്തെ, ഗുസ്തിതാരങ്ങള്‍ക്കു പിന്തുണയുമായി കര്‍ഷകനേതാക്കളും എത്തിയിരുന്നു.

സൂര്യകാന്തി വിള മിനിമം താങ്ങുവിലയില്‍ സര്‍ക്കാര്‍ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ (ചാരുണി) മേധാവി ഗുര്‍നാം സിംഗ് ചാരുണിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ 2023 ജൂണ്‍ ആറിന് ഷഹാബാദിന് സമീപം ദേശീയപാത ഉപരോധിച്ചിരുന്നു. അന്ന് ആറ് മണിക്കൂറാണ് റോഡുപരോധം നീണ്ടത്. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടന്നു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →