യുഎഇയിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും തൊഴിൽ സമയം മാറ്റുമെന്ന തരത്തിലുള്ള പ്രചരണം നിഷേധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ്. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ദിവസം പത്ത് മണിക്കൂർ ജോലിയെടുത്ത് ആഴ്ചയിൽ മൂന്ന് ദിവസം അവധിയെടുക്കാം എന്നായിരുന്നു പ്രചാരണം.2023 ജൂലൈ ഒന്നു മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരുടെയും പ്രവർത്തി സമയം മാറുന്നു എന്നായിരുന്നു വാർത്ത പ്രചരിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പലദിവസങ്ങളിലെ തൊഴിൽസമയം കൂട്ടിച്ചേർത്ത് കംപ്രസഡ് വർക്കിങ് അവേഴ്സ് എന്ന രീതി എല്ലാ സർക്കാർ ജീവനക്കാർക്കും ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.പാർടൈം ജോലി,രാജ്യത്തിനകത്തും പുറത്തും ചെയ്യാവുന്ന റിമോർട് വർക്ക് സംവിധാനം. ഹൈബ്രിഡ് തൊഴിൽ സമ്പ്രദായം തുടങ്ങിയ പുതിയ തൊഴിൽ രീതികൾ പോലെ മറ്റൊരു തൊഴിൽ രീതിയായി കമ്പ്രെസ്ഡ് വർക്കിങ് അവർസിനെ കാണാമെന്നു മാത്രമാണ് അർത്ഥമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ, ഇത്തരം തൊഴിൽ രീതി ചില വകുപ്പുകളിൽ മാത്രമാണ് ബാധകമെന്നും ജോലിയുടെ പ്രത്യേകതക്ക് അനുസരിച്ച് മേലധികാരികളുടെ അനുമതി ഇതിന് ആവശ്യമാണെന്നും അതോറിറ്റി വിശദീകരിച്ചു.ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സ് ഔദ്യോഗിക വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്

