കൊച്ചി : ∙ മഹാരാജാസിൽ ക്ലാസിൽ കയറാതെ പരീക്ഷയെഴുതാൻ എസ്എഫ്ഐ നേതാവിന് അനുമതി നൽകി പ്രിൻസിപ്പൽ. വെറും 2% മാത്രം ഹാജർ ഉണ്ടായിരുന്ന എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് പി.പി.അമൽജിത്ത് ബാബുവിനാണ് പരീക്ഷയെഴുതാൻ കോളേജ് അധികൃതർ അനുമതി നൽകിയത്. പരീക്ഷയ്ക്ക് ഹാജരാകാൻ ഒരു വിദ്യാർഥിക്ക് 75% ഹാജർ ആണോ വേണ്ടത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം കത്തി നിൽക്കുന്നതിനിടെയാണ് പുതിയ സംഭവം വെളിയിൽ വന്നത്.
അമൽജിത്ത് ബാബുവിന് കഴിഞ്ഞ അധ്യയനവർഷം ഉണ്ടായിരുന്ന ഹാജർ 2% മാത്രമാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ്, മാഗസിൻ പ്രവർത്തനങ്ങൾക്കായി എത്തിയ ദിവസങ്ങൾ എന്നിവ കണക്കാക്കി ഹാജർ 47% എന്ന് രേഖപ്പെടുത്തി. പരീക്ഷയെഴുതാൻ അനുമതി നൽകാനാവില്ലെന്നാണ് ബിഎ ഹിസ്റ്ററി വകുപ്പിലെ ഡിപ്പാർട്മെന്റ് കൗൺസിൽ യോഗം തീരുമാനിച്ചത്. ഇക്കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, യോഗതീരുമാനം അട്ടിമറിച്ച് പ്രിൻസിപ്പൽ അമൽജിത്തിന് പരീക്ഷയെഴുതാൻ അനുമതി നൽകുകയായിരുന്നു.

