കോൺഗ്രസിലെ കെ സി വേണുഗോപാൽ വിഭാഗം നേതാക്കൾ തൃശൂരിൽ ഗ്രൂപ്പ് യോഗം ചേർന്നു

തൃശൂർ : യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം ചേർന്നു. കെ സി വേണുഗോപാൽ വിഭാഗം നേതാക്കളാണ് യോഗം ചേർന്നത്. ഐ ഗ്രൂപ്പിന്റെ ഭാഗമായി ആരൊക്കെ മത്സരിക്കണമെന്ന് യോഗത്തിൽ ചർച്ചയായി. യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള യോഗമാണ് നടന്നതെന്ന് അനിൽ അക്കര മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ ഐ ഗ്രൂപ്പിന് ലഭിച്ചിരുന്നു. നിയമിക്കപ്പെട്ട ഏഴ് പേരും സുധാകര പക്ഷത്തുനിന്നാണെന്നും കെ സി വേണുഗോപാൽ പക്ഷം മുന്നോട്ടുവച്ച പലരുടെയും പേരുകൾ പരിഗണിച്ചില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഗ്രൂപ്പ് യോഗങ്ങൾ ചേർന്ന് ഏകീകരിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് യോഗം ചേർന്നത്.

ജില്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനസംഘടനയിൽ നേരിട്ട തിരിച്ചടി യൂത്ത് കോൺഗ്രസിന്റെ കാര്യത്തിൽ ഉണ്ടാകരുതെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. എഐസിസി അംഗം അനിൽ അക്കര, കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ, ജില്ലാ യുഡിഎഫ് കൺവീനർ എംപി വിൻസെന്റ്, അഖിലേന്ത്യാ കോഡിനേറ്റർ മുഹമ്മദ് ഹാഷിം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പരമാവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അംഗത്വത്തിലേക്ക് കൊണ്ടുവരണം. മതേതരസ്വഭാവമുള്ള പരമാവധി പേരെ യൂത്ത് കോൺഗ്രസിലേക്ക് ചേർക്കാനാണ് ശ്രമമെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് യോഗമെന്നും അനിൽ അക്കര പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →