മാന്നാർ: മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മാരകായുധവുമായി അക്രമം നടത്തിയ ആറ് പേരെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടിൽ സിജി (37), പൂയപ്പള്ളിൽ ജോൺസൺ (31), വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണിബോസ്-47), കാരാഴ്മ പൗവത്തിൽ സുനിൽ കുമാർ (39), ചെന്നിത്തല ഒരിപ്രം കണ്ടത്തിൽ ഷിബു (34), ദ്വാരകയിൽ ബിബിൻ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
ചെന്നിത്തല ഒരിപ്രം പൈനുമ്മൂട്ടിൽ ഗോപാലകൃഷ്ണൻ (45), വലിയകുളങ്ങര ആയില്യം വീട്ടിൽ അമിത് (30), മാന്നാർ കുട്ടമ്പേരൂർ തയ്യിൽ വീട്ടിൽ നിഖിൽ (28)എന്നിവർക്കാണ് സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റത്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനിരയായവർ നടത്തുന്ന ചെന്നിത്തല ഒരിപ്രം എസ്. കെ ഹോളോ ബ്രിക്‌സ് കമ്പനിക്ക് സമീപമെത്തിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നതിങ്ങനെ: ആക്രമിക്കപെട്ടവരോട് പ്രതികൾ മദ്യം വാങ്ങാൻ 5000 രൂപ ഫോണിൽ ആവശ്യപെട്ടു. തങ്ങളുടെ കൈയിൽ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ പ്രതികൾ കമ്പനിക്ക് സമീപത്തെത്തി വാക്കുതർക്കത്തിൽ ഏർപ്പെടുക്കുകയും കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. അക്രമത്തിൽ മൂന്നു പേർക്കും മാരകമായി മുറിവേറ്റു. പരിക്കേറ്റ ഒരാൾക്ക് നെഞ്ചിന് താഴെ വാരിയെല്ലിന് സമീപത്തായാണ് മുറിവേറ്റിട്ടുള്ളത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോളേക്കും പ്രതികൾ രക്ഷപെട്ടിരുന്നു.
പിന്നീട് ആക്രമിക്കപെട്ടവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ പ്രതികളും എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ ബിബിൻ ഒഴികെയുള്ളവർ നിരവധി കേസുകളിൽ പ്രതികളും ജാമ്യത്തിലിറങ്ങി നടക്കുന്നവരുമാണ്. സിജി മാന്നാർ പൊലീസ് ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളും, ഉണ്ണിബോസ് ചെന്നിത്തലയിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയുമാണ്. ഇവരുടെ ജാമ്യം റദ്ദാക്കുകയും ഗുണ്ടാ ആക്ട് ചുമത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ ജോസ് മാത്യു, എസ്‌ഐമാരായ ബിജുക്കുട്ടൻ, ജോസി, ഗ്രേഡ് എ.എസ്. ഐ മധു, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, അജിത് ഹരിപ്രസാദ്, ഹോം ഗാർഡ് വിജയകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.