കര്‍ഷക നേതാക്കള്‍ ഇടപെട്ടു; മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്നും താരങ്ങള്‍ പിന്‍വാങ്ങി

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്നും ഗുസ്തി താരങ്ങള്‍ പിന്‍വാങ്ങി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് താരങ്ങള്‍ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറിയത്. രാകേഷ് ടികായത്ത് അടക്കമുള്ള നേതാക്കള്‍ ഹരിദ്വാറിലെത്തി താരങ്ങളുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് മെഡലുകള്‍ കര്‍ഷക നേതാക്കള്‍ ഏറ്റ് വാങ്ങി. വിഷയത്തില്‍ തങ്ങള്‍ ഒപ്പമുണ്ടെന്നും അഞ്ച് ദിവസത്തെ സമയം അനുവദിക്കണമെന്നും കര്‍ഷക നേതാക്കള്‍ താരങ്ങളോട് പറഞ്ഞു. മെഡലുകള്‍ ഗംഗയിലൊഴുക്കന്‍ കണ്ണീരോടെ എത്തിയ താരങ്ങളെ നേതാക്കള്‍ ആശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് താരങ്ങള്‍ നീക്കത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഏറെ വൈകാരികമായ രംഗങ്ങള്‍ക്കാണ് ഹരിദ്വാര്‍ സാക്ഷ്യം വഹിച്ചത്. പൊരുതി നേടിയ മെഡലുകള്‍ മാറോട് ചേര്‍ത്താണ് താരങ്ങള്‍ ഹരിദ്വാറില്‍ എത്തിയത്.

മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഇന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചത്. താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്നാണ് രാജ്യം ഇതുവരെ കാണാത്ത പ്രതിഷേധത്തിന് താരങ്ങള്‍ ഒരുങ്ങിയത്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ ഞങ്ങളുടെ ജീവിതവും ആത്മാവുമാണ്. എന്നാല്‍ ഈ മെഡലുകള്‍ക്കു വിലയില്ലാതായി. മെഡലുകള്‍ ഞങ്ങള്‍ ഗംഗയിലേക്ക് എറിയും , അതിനുശേഷം ഇന്ത്യാ ഗേറ്റില്‍ ഞങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും ഗുസ്തി താരം ബജ്രംഗ് പുനിയ പറഞ്ഞിരുന്നു. പ്രതിഷേധിച്ചതിന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേര്‍ത്തു ഡല്‍ഹി പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അതേ സമയം മെഡലുകള്‍ ഗംഗയിലൊഴുക്കാനുള്ള നീക്കത്തില്‍ നിന്നും താരങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരു തരത്തിലുള്ള നീക്കവും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →