മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്.
രാവിലെ പതിനൊന്നുമണിയോടു കൂടിയാണ് പുഴയിൽ അപകടമുണ്ടായത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. പെട്ടെന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. വെള്ളത്തിൽ രണ്ടുപേരും ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആർക്കും രക്ഷിക്കാനായില്ല. കരച്ചിൽകേട്ട് സമീപത്തുനിന്നെത്തിയ ആളുകളാണ് പുഴയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് രണ്ടുപേരുടേയും മൃതദേഹം കരക്കെത്തിച്ചത്. നിലവിൽ മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, മൂലമറ്റം പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതാണ് പുഴയിൽ പെട്ടെന്ന് വെള്ളം കൂടാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികൾ ഇതുസംബന്ധിച്ച് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.