ചരിത്രമാവുന്ന പഴയ പാര്‍ലമെന്റ് മന്ദിരം

പുതിയ പാര്‍ലമെന്റ് മന്ദിരം വന്നതോടെ ചരിത്രമാവുകയാണ് 96 വര്‍ഷം പഴക്കമുള്ള പഴയ പാര്‍ലമെന്റ് മന്ദിരം.ബ്രിട്ടീഷ് ഭരണകാലത്ത്, വാസ്തുശില്‍പ്പികളായ എഡ്വിന്‍ ലുട്യന്‍സും ഹെര്‍ബര്‍ട് ബേക്കറും ചേര്‍ന്ന് രൂപകല്പന ചെയ്തതാണിത്. ബ്രിട്ടീഷുകാര്‍ പണിത മന്ദിരത്തില്‍ സ്ഥലപരിമിതി കാരണം 1956-ല്‍ രണ്ടുനിലകള്‍കൂടി നിര്‍മിച്ചു.ഇനി അത് കാലത്തിന്റെ പ്രതീകമായി ചരിത്രത്തില്‍ അടയാളപ്പെടുത്തും.വൈകാതെ മ്യൂസിയമായി മാറുമെന്നാണ് സൂചന.പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. 2012-ല്‍ അന്നത്തെ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ ഇതുപരിശോധിക്കാന്‍ സമിതിയെ നിയമിച്ചിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തില്‍വന്ന മോദിസര്‍ക്കാരാണ് അതിലേക്ക് ചുവടുവെച്ചത്. 2019-ല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രഖ്യാപിച്ച സര്‍ക്കാര്‍ അതിന്റെ ഭാഗമായി 2020 ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി.

83 ലക്ഷം രൂപ നിര്‍മ്മാണച്ചിലവില്‍ നിര്‍മിച്ച പഴയ പാര്‍ലമെന്റ്

കല്‍ക്കട്ടയിലെ ഇംപീരിയല്‍ ക്യാപ്പിറ്റല്‍ ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ ഇവര്‍ ഡല്‍ഹിക്കുള്ളില്‍ പുതിയ നഗരമായി ന്യൂഡല്‍ഹിയും പുതിയ ഭരണസിരാകേന്ദ്രമായി പാര്‍ലമെന്റ് മന്ദിരവും നിര്‍മിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിഭവനായി മാറിയ വൈസ്രോയിയുടെ ബംഗ്ലാവും നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളടങ്ങുന്ന മന്ദിര സമുച്ചയങ്ങളും നിര്‍മിച്ചതും അവര്‍തന്നെ. 83 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണച്ചിലവ്.1921 ഫെബ്രുവരി 12 ന് കോണോട്ട് പ്രഭു പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു. ആറുവര്‍ഷമെടുത്ത് 1927 ജനവരി 18-ന് നിര്‍മാണം പൂര്‍ത്തിയായി. അന്നത്തെ ഇന്ത്യന്‍ വൈസ്രോയ് ലോര്‍ഡ് ഇര്‍വിനാണ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണകാലത്തെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മൂന്നാമത്തെ സമ്മേളനം 1927 ജനുവരി 19-ന് ഈ മന്ദിരത്തിലായിരുന്നു ചേര്‍ന്നത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കള്‍ക്ക് ഭരണക്കൈമാറ്റം നടത്തിയത് പാര്‍ലമെന്റിന്റെ മധ്യഭാഗത്തുള്ള സെന്‍ട്രല്‍ ഹാളില്‍വെച്ചായിരുന്നു. സ്വാതന്ത്ര്യാനന്തരം ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയ്യാറാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും അരങ്ങേറിയതും സെന്‍ട്രല്‍ ഹാളിലാണ്.91.50 അടി വ്യാസമുള്ള താഴികക്കുടം ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. സെന്‍ട്രല്‍ ഹാളാണ് പാര്‍ലമെന്റിന്റെ ഹൃദയഭാഗം. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനം ഇവിടെയാണ് നടക്കാറ്.1952 ഏപ്രിലിലാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാര്‍ലമെന്റ് നിലവില്‍വന്നത്. 1952 മേയ് 13-നായിരുന്നു ആദ്യ ലോക്‌സഭാ യോഗം.ലോക്സഭയോടും രാജ്യസഭയോടും അനുബന്ധിച്ച് മ്യൂസിയവും ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. സാഞ്ചി സ്തൂപത്തെ ആധാരമാക്കി മണല്‍ക്കല്ലില്‍ തീര്‍ത്ത അഴികളാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം കാലപ്പഴക്കത്താല്‍ കെട്ടിടത്തിന് ബലക്ഷയം വന്നിട്ടുണ്ട്.

കറുത്ത അധ്യായമായ ഭീകരാക്രമണം

പാര്‍ലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണ് 2001 ഡിസംബര്‍ 13-നുണ്ടായ ഭീകരാക്രമണം. ലഷ്‌കറെ തൊയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകരവാദസംഘടനകളുടെ ചാവേറുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കടന്നുകയറുകയായിരുന്നു. സുരക്ഷാ ജീവനക്കാരടക്കും പോലീസുകാരുമടക്കം ഒമ്പതുപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ച് ഭീകരവാദികളെയും ഏറ്റുമുട്ടലില്‍ വധിച്ചു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →