തിരുവനന്തപുരം: കേരള പൊലീസ് സർവീസിലുള്ള ഒരു സി ഐക്ക് കൂടി സംസ്ഥാന പൊലീസ് മേധാവി ഡി ജി പി അനിൽകാന്ത് പിരിച്ചുവിടൽ നോട്ടീസ് നൽകി. അയിരൂർ എസ് എച്ച് ഒ ആയിരുന്ന ജയസനിലിനാണ് നോട്ടീസ് നല്കിയത്. ജയസനിലിനെതിരായ പ്രധാന കുറ്റം പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി ഉപദ്രവിച്ചതും കൈക്കൂലിയായി അരലക്ഷം രൂപ കൈപ്പറ്റിയെന്നതുമാണ്. പോക്സോ കേസിലെ പ്രതിയെ ലൈഗിംകമായി ഉപദ്രവിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അയിരൂർ സി ഐ. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ പറയാം എന്നാണ് നോട്ടീസിലുള്ളത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിലെ ക്രമിനലുകളെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇയാൾക്കും ഡിജിപി അനിൽകാന്ത് നൽകിയ നോട്ടീസ് നൽകിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആണ് അയിരൂർ സി ഐ ആയിരിക്കെ ജയസനിൽ ഗൾഫിൽ നിന്ന് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് സി ഐ ജയസനിലിനെതിരെ പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം സ്റ്റേഷനിൽ കാണാനെത്തിയ പ്രതിയോട് ചില താത്പര്യങ്ങൾ പരിഗണിക്കാനും സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കാമെന്നും ജയസനിൽ വാക്കുപറഞ്ഞു. പിന്നീട് പ്രതിയെ സി ഐ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാൻ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.
പിന്നീട് ജയസനിൽ വാക്കുമാറി. പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കേസിൽ കുറ്റപത്രവും സമർപ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യ ഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം പരാതിപ്പെടുകയായിരുന്നു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സി ഐക്കെതിരെ പീഡനത്തിന് പരാതിയും നൽകുകയായിരുന്നു. ഇതാണ് സി ഐ ജയസനിലിന് വലിയ കുരുക്കായത്. റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ സസ്പെൻഷനിലായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്. ഇതോടെയാണ് ജയസനിലിന് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി അനിൽകാന്ത് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.