തിരുവനന്തപുരം : ദുരിതാശ്വാസ നിധി ദുരുപയോഗക്കേസിൽ ലോകായുക്തക്കെതിരെ പരാതിക്കാരൻ ഹൈക്കോടതയിൽ. കേസ് മൂന്നംഗ ബഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർഎസ് ശശികുമാർ ഹൈക്കോടതയിൽ ഹർജി നൽകി. ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശശികുമാർ നൽകിയ ഹർജി നേരത്തെ ലോകായുക്ത തള്ളിയിരുന്നു. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കുമെതിരെയുള്ള ദുരിതാശ്വാസ നിധി ദുരുപയോഗക്കേസ് 2023 മാർച്ചിലാണ് ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത്.
മന്ത്രിസഭാ തീരുമാനങ്ങൾ ലോകായുക്തക്ക് പരിശോധിക്കാനാകുമോ എന്ന കാര്യത്തിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ഹാറൂൺ അൽ റഷീദിനുമിടയിൽ ഭിന്നാഭിപ്രായമുണ്ടായതിനെ തുടർന്നായിരുന്നു ഉത്തരവ്. കേസ് ഫുൾ ബെഞ്ചിന് വിട്ട ഉത്തരവ് തടയണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ഹൈക്കോടതിയിൽ പരാതിക്കാരൻ ശശികുമാറിന്റെ ഹർജി.
മന്ത്രിസഭാ തീരുമാനങ്ങളിൽ ലോകായുക്തയ്ക്ക് ഇടപെടാമെന്ന് 2019ൽ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ വിശാല ബെഞ്ച് വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ കേസിൽ അന്തിമവിധി പറയാൻ ഡിവിഷൻ ബെഞ്ചിനോട് തന്നെ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലാണ് ഹർജി ഫയൽ ചെയ്തത്. ഹർജി 2023 മെയ് 29 തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.
കേസ് ഫുൾബഞ്ചിന് വിട്ട ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹർജി നേരത്തെ ലോകായുക്ത തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാൻ സമയം വേണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കുന്നത് നിലവിൽ ജൂൺ അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്.