തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019 എന്ന് മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലുള്ള കണക്കുകളാണ് നിയമസഭയിൽ മറുപടിയായി മുഖ്യമന്ത്രി നൽകിയത്. അഴിമതി കേസിൽ ഉൾപ്പെട്ട 7 ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിൽ നിന്ന് പിരിച്ചിവിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും എന്നായിരുന്നു പിണറായി സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. കെ കെ രമ എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കേസുകളെ കുറിച്ച മുഖ്യമന്ത്രി കണക്കുകൾ വിശിദീകരിച്ചത്. 2016 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയുമായി ബന്ധപ്പെട്ട് 2019 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റവന്യു, പൊലീസ് വകുപ്പുകളിൽ. നടപടിയുടെ ഭാഗമായി ഈ വർഷണങ്ങളിൽ സർവീസിൽ നിന്ന് പിരിച്ചു വിട്ടത് 7 ഉദ്യോഗസ്ഥരെ മാത്രം. സർവകലാശാല, വ്യവസായം, കൺസ്യൂമർ ഫെഡ്, ട്രെഷറി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെയും പിരിച്ചിവിടൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ നിന്നാണ് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. നടപടികൾ പൂർത്തിയാക്കാത്ത 583 കേസുകൾ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൈക്കൂലി വാങ്ങിയ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ 83 ആണ്. റെവന്യു വകുപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ. വകുപ്പിലെ 23 ഉദ്യോഗസ്ഥക്കെതിരെയാണ് കേസെടുത്തത്. തദ്ദേശ സ്വയംഭരണ ആരോഗ്യ വകുപ്പികളിലും സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി കേസുകൾ ഉണ്ട്.
സർക്കാർ ഉദ്യോഗസ്ഥരെ പൂട്ടാൻ ട്രാപ്പ് കേസുകളടക്കം വിജിലൻസ് കൊണ്ടുവന്നിട്ടുണ്ടെങ്കിലും വകുപ്പ്തലത്തിൽ നടപടികൾ ഒതുക്കി ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നീക്കം നടക്കുന്നു എന്നാണ് പ്രതിപക്ഷ ആക്ഷേപം.