കണ്ണൂർ കൂട്ടമരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.

കണ്ണൂർ : മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്ത ദാരുണ സംഭവങ്ങളുടെ ഞെട്ടലിലാണ് കണ്ണൂർ ചെറുപുഴ നിവാസികൾ. പാടിയോട്ട് ചാലിൽ ശ്രീജ, മക്കളായ സൂരജ് (12), സുജിൻ (10 ) സുരഭി (8) ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് 24 ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം .അഞ്ച് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു..

മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് മക്കൾക്ക് ഭക്ഷണത്തിൽ കലർത്തി ഉറക്കുഗുളിക നൽകി. മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടി തൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിലുള്ളത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മെയ് 24ന് വൈകിട്ടോടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ആദ്യ ഭർത്താവ് സുനിൽ നൽകിയ പരാതി സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു നാടിനെ നടുക്കിയ കൂട്ടമരണം. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്ക കാരണം. പ്രശ്നം പരിഹരിക്കാൻ ബുധനാഴ്ച രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →