എറണാകുളം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പനമ്പള്ളി ഗ്രൗണ്ടിന്റെ മേല്‍ അവകാശമില്ലെന്ന് പി.വി ശ്രീനിജന്‍ എംഎല്‍എ. വസ്തുതകള്‍ പഠിച്ച് വേണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി സംസാരിക്കാന്‍. വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സാണ്. എട്ടുമാസമായി വാടക കിട്ടിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീനിജന്‍ പറഞ്ഞു.
കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒടുക്കിയിട്ടുണ്ടെന്നും കുടിശ്ശിക ഇല്ലെന്നും യു ഷറഫലി പ്രതികരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാറാണുള്ളതെന്നും കരാര്‍ കാലയളവില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനോ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും ഷറഫലി പറഞ്ഞിരുന്നു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുള്ള അധികാരതര്‍ക്കത്തില്‍, 22/05/23 തിങ്കളാഴ്ച രാവിലെ ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 17 വിഭാഗത്തിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ ശ്രീനിജിന്‍ എംഎല്‍എ തടഞ്ഞിരുന്നു. പനമ്പള്ളി നഗറിലെ സ്റ്റേഡിയത്തിന്റെ ഗേറ്റ് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ കൂടിയായ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം നാല് മണിക്കൂര്‍ സമയം പൂട്ടിയിടുകയായിരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി എത്തിയ നൂറുക്കണക്കിന് കുട്ടികളാണ് റോഡരികില്‍ കാത്ത് നിന്നത്. ബ്ലാസ്റ്റേഴ്‌സ് വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഗേറ്റ് തുറക്കേണ്ടതില്ലെന്നാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്റെ നിര്‍ദ്ദേശമെന്ന് പറഞ്ഞാണ് സെക്യൂരിറ്റി ഗേറ്റ് തുറക്കാതിരുന്നത്. സംഭവം വാര്‍ത്തയായതോടെ കായികവകുപ്പ് മന്ത്രി ഇടപെട്ടാണ് സ്റ്റേഡിയം തുറന്ന് കൊടുത്തത്.