ജയ്പ്പൂർ : ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ആരംഭിച്ചു. സൗദിയിലെ മദീനയിൽ എത്തിയ ആദ്യ ഹജ്ജ് സംഘത്തിന് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. ആദ്യ ദിവസമായ 2023 മെയ് 21ന് ജയ്പൂർ, കൊൽക്കത്ത, ലക്‌നൗ എന്നിവിടങ്ങളിൽ നിന്നും 5 വിമാനങ്ങളിലായി 1500ഓളം തീർഥാടകർ മദീനയിൽ എത്തി.
ജയ്പൂരിൽ നിന്നും എയർ ഇന്ത്യയുടെ എ ഐ 5451 വിമാനത്തിൽ മദീനയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിൽ 256 തീർഥാടകരാണ് ഉണ്ടായിരുന്നത്. മദീനാ വിമാനത്താവളത്തിൽ സംഘത്തെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പത്‌നി ഡോ. ശകീല ഷാഹിദ്, ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൾ ജലീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തീർഥാടകർക്ക് ഏറ്റവും മികച്ച സൌകര്യങ്ങളാണ് പുണ്യസ്ഥലങ്ങളിൽ ഒരുക്കിയിരിക്കുന്നതെന്ന് കോൺസുൽ ജനറൽ പറഞ്ഞു.
തലഅൽ ബദറു അലൈനാ എന്ന ഈരടികളുടെ പശ്ചാത്തലത്തിലാണ് സൗദി ഹജ്ജ് മന്ത്രാലയം പ്രതിനിധികൾ ഹജ്ജ് തീർഥാടകരെ വിമാനത്താവളത്തിൽ വരവേറ്റത്. മധുരവും സമ്മാനങ്ങളും വിതരണം ചെയ്തു കൊണ്ട് കെ.എം.സി.സി, ആർ.എസ്.സി, ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി

