കോട്ടയം ∙ മണർകാട് മാലത്ത് യുവതി വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ച ജൂബിയുടെ (26) ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അന്വേഷണസംഘം സ്ഥലത്തെത്തി. കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയാണ് മരിച്ച യുവതി. ജൂബിയുടെ കൊലപാതകത്തിനു പിന്നിൽ ഷിനോയാണെന്ന സംശയം ഉയർന്നിരുന്നു. 2023 മെയ് 19നാണ് യുവതിയുടെ കൊലപാതകം.
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഷിനോയെ ആദ്യം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പങ്കാളിയെ കൈമാറ്റം ചെയ്ത കേസിനു പിന്നാലെ ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. ജൂബി. വീട്ടുമുറ്റത്ത് രക്തംവാർന്ന് കിടക്കുന്ന ജൂബിയെ ആദ്യം കണ്ടത് പിഞ്ചുമക്കളാണ്. ജൂബിയുടെ മക്കൾ, ആക്രമണ സമയത്ത് കളിക്കുന്നതിനായി പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്.
അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ഷിനോയാണ് അക്രമം നടത്തിയതെന്ന് ജൂബിയുടെ പിതാവ് പൊലീസിനു മൊഴി നൽകി. കഴിഞ്ഞവർഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തത്. പത്തനാട് സ്വദേശിനിയായ യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. നാല് പേർക്കൊപ്പം പോകണമെന്നു നിർബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തെന്നു .
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതിമാർ അടക്കം 5000 അംഗങ്ങൾ വരെയുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കറുകച്ചാൽ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആലപ്പുഴ തുമ്പോളി കടപ്പുറം, പുന്നപ്ര, എറണാകുളം കലൂർ, കോട്ടയം കൂരോപ്പട, അയ്മനം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്….

