സി.ബി.എസ്.ഇ. ഫലത്തിനുശേഷം കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓവുചാലില്‍, രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷഫലം വന്നതിനു പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഡല്‍ഹി അമന്‍ വിഹാര്‍ മേഖലയിലെ ഓവുചാലില്‍നിന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഫലം വന്നതിനു പിന്നാലെ നിരാശരായ മറ്റു രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ചതായും ഡല്‍ഹി പോലീസ് അറിയിച്ചു.

കാണാതായ കുട്ടി പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3.30-ന് സി.ബി.എസ്.ഇ. 12-ാം ക്ലാസ് ഫലം വന്നതിനു പിന്നാലെ കുട്ടിയെ കാണാതാകുകയായിരുന്നു. പരീക്ഷാ ഫലം വന്നതിനു പിന്നാലെ മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതിനു ശേഷം വീട്ടില്‍ നിന്നു ഇറങ്ങിപോയതായി പിതാവ് പോലീസില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തി. എല്ലാ സ്‌റ്റേഷനുകളിലും വിവരം അറിയിക്കുകയും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. കൗമാരക്കാരിയായ ഒരു കുട്ടിയുടെ മൃതദേഹം അമന്‍ വിഹാര്‍ മേഖലയില്‍ നിന്നു കണ്ടെത്തിയതായി പോലീസിനു വിവരം ലഭിച്ചു. പോലീസ് എത്തി മൃതദേഹം തിരിച്ചറിയുകയും ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു. മൃതദേഹം കുട്ടിയുടെ മാതാപിതാക്കള്‍ക്കു കൈമാറി.

സി.ബി.എസ്.ഇ. 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ട് വ്യത്യസ്ത ഇടങ്ങളില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ചു. പരീക്ഷാ ഫലം വന്നതിനു പിന്നാലെ രണ്ടുകുട്ടികളും നിരാശയിലായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ നിരാശയായ ഡല്‍ഹി ഹരിനഗര്‍ മേഖലയിലുള്ള 16 വയസുള്ള പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 12-ാം ക്ലാസ് സയന്‍സ് വിഷയം പഠിച്ചിരുന്ന കുട്ടിക്ക് 75% മാര്‍ക്ക് ലഭിച്ചെങ്കിലും കുട്ടി നിരാശയിലായിരുന്നു. എന്നാല്‍ കുട്ടി ആത്മഹത്യാകുറിപ്പ് ഒന്നും എഴുതി വച്ചിരുന്നില്ലെന്നു പോലീസ് അറിയിച്ചു.

19 വയസായുള്ള മറ്റൊരു പെണ്‍കുട്ടി ഫലം വന്നപ്പോള്‍ തോല്‍വി അറിഞ്ഞതിനെത്തുടര്‍ന്നാണ് ജീവനൊടുക്കിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ കുട്ടിയുടെ മരണത്തിലും പോലീസിനു അസ്വഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →