തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടറോടുള്ള ആദരസൂചകമായാണ് നടപടി.
ആക്രമണങ്ങളിൽ നിന്ന് ആശുപത്രി ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം നൽകുന്ന നിയമവുമായി ബന്ധപ്പെട്ട് അടുത്ത സംസ്ഥാന മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കും. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ഓർഡിനൻസ്. ആരോഗ്യസർവകലാശാലയുടെ അഭിപ്രായവും തേടും.
ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ കർശനശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഓർഡിനൻസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

