പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം

തൃശൂർ: പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം. വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ 2023 മെയ് 10നാണ് സംഭവം. മണ്ണുത്തി മുളയം അയ്യപ്പൻകാവ് സ്വദേശി ആനക്കോട്ടിൽ അജിതിനെ( 20, പുല്ലൻ) പീച്ചി പൊലീസ് സാഹസികമായി പിടികൂടി. കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിലങ്ങന്നൂർ ചെന്നായപ്പാറ റോഡിൽ കന്നുത്തങ്ങാടി കപ്പേളയ്ക്കു സമീപം യുവാവിനെ കാത്തുനിൽക്കുകയായിരുന്നു.

പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തിൽ ഓടിപ്പിച്ച് പൊലീസുകാർക്കു നേരേ ഇടിച്ചുകയറ്റി. ബൈക്ക് ഇടിച്ചതിനെ തുടർന്ന് പീച്ചി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ കിരണിനു പരിക്കേറ്റു. വലതുകാലിലെ മുട്ടിനു മുകളിൽ പരുക്കേറ്റ അദ്ദേഹത്തെ ഉടനെത്തന്നെ ചികിത്സയ്ക്കു വിധേയനാക്കി. ഇതിനിടയിൽ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘങ്ങളും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

പാണഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ വൻതോതിൽ ഉള്ള ലഹരിവസ്തുക്കൾ വിൽപ്പനയ്ക്ക് കൊണ്ടുവരുന്ന സംഘങ്ങളിലെ ഒരു കണ്ണിയാണ് അജിത്ത്. പീച്ചി പോലീസിൽ ഒരു കൊലപാതക ശ്രമ കേസിലും, കഞ്ചാവ് ലഹരി വസ്തു വില്പന കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്. മണ്ണുത്തി, ഒല്ലൂർ,തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. സി.പി.ഒ മാരായ വിഷ്ണു, അഭിജിത്ത്, എന്നിവരാണ് പ്രതിയെ പിടിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →