മലപ്പുറം: താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിനോദയാത്രാ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ ഉത്തരവുണ്ടാകും വരെ സര്‍വീസ് നടത്താന്‍ പാടില്ല. നിലമ്പൂര്‍ കനോലി ടൂറിസം കേന്ദ്രത്തിലേക്കുള്ള ജങ്കാര്‍ സര്‍വീസും താത്കാലികമായി നിര്‍ത്തിവച്ചു.
കലക്ടറുടെ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു കനോലി ടൂറിസം കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു. ചാലിയാറിനു കുറുകെയുള്ള തൂക്കുപാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ കനോലി ടൂറിസം കേന്ദ്രം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ 09/05/23 ചൊവ്വാഴ്ച നിരാശരായി മടങ്ങി. ടൂറിസം വകുപ്പിന്റെ ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജങ്കാര്‍ സര്‍വീസ് നടത്തുന്നതെന്ന് വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിലെ ജീവനക്കാര്‍ പറഞ്ഞു.
നിലമ്പൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍, സ്‌പെഷല്‍ ബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചാലിയാര്‍ പുഴയുടെ തീരത്ത് കനോലി കടവിലെത്തി ജങ്കാര്‍ സര്‍വീസ് നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തി. 40 യാത്രക്കാര്‍ക്ക് ഒരേ സമയം ജങ്കാറില്‍ കയറാം. ഇത്രയും ഭാരം കയറ്റുന്നതില്‍ തടസമില്ലെന്നു മണല്‍ചാക്കുകള്‍ കയറ്റി ഭാരം നിര്‍ണയിച്ചശേഷം ഉറപ്പുവരുത്തിയിട്ടുണ്ടെന്നു ജങ്കാര്‍ സര്‍വീസ് നടത്തുന്നവര്‍ പറഞ്ഞു.