കേരളത്തിൽ ഒരുവർഷം ശരാശരി 1000 മുതൽ 1200 പേർ വരെ മുങ്ങിമരിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം : കുറയ്ക്കാൻ സംസ്ഥാനത്ത് സ്‌കൂളുകളിൽ നീന്തൽ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വർഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ൽ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് വിദ്യാർഥികൾക്ക് നീന്തൽപരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തൽ പഠനം പാഠ്യപദ്ധതിയിലുൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും എല്ലാം പാഴ്‌വാക്കായി.

കേരളത്തിൽ ഒരുവർഷം ശരാശരി 1000 മുതൽ 1200 പേർ വരെ മുങ്ങിമരിക്കുന്നുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. കൂടുതലും പതിനെട്ട് വയസിന് താഴെയുള്ളവർ. ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്‌കൂളുകളിൽ നീന്തൽ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്.

തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജസ്റ്റിസ്. എൻഎം പരീത് പിള്ള കമ്മീഷന്റെ 84 നിർദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് കുട്ടികൾക്കുള്ള നീന്തൽപഠനമായിരുന്നു. പലതവണകളിലായി നിരവധി പ്രഖ്യാപനങ്ങൾ മന്ത്രിമാരും നടത്തി. അഞ്ച് വർഷത്തിനുള്ളിൽ എല്ലാ വിദ്യാർത്ഥികളെയും നീന്തൽ പഠിപ്പിക്കുമെന്നും നിയോജക മണ്ഡലാടിസ്ഥാനത്തിൽ നീന്തൽകുളങ്ങൾ നിർമിക്കുമെന്നും 2016ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രതികരണം. പിന്നാലെ വന്ന മന്ത്രി വി.ശിവൻകുട്ടിയും നീന്തൽ പഠനം പാഠ്യപദ്ധതിയിലുൾപ്പെടുത്തുമെന്നറിയിച്ചെങ്കിലും എല്ലാം വാക്കുകളിൽ മാത്രമൊതുങ്ങി.

പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിയുടെ സാധ്യതകളന്വേഷിച്ചിപ്പോൾ സൗകര്യങ്ങളുടെ അപര്യാപ്തത തടസമായി. ഭൂരിഭാഗം വിദ്യാലയങ്ങൾക്ക് സമീപവും കുളങ്ങളില്ല, കൂടുതൽ നീന്തൽ പരീശീലകരെ കണ്ടെത്തുന്നതിലെ പ്രതിസന്ധി എന്നിവ മുൻനിർത്തി ഉദ്യോഗസ്ഥർ ഫയൽമടക്കി.

താനൂർ ബോട്ടപകടം ചർച്ചയാകുന്ന ഈ സമയത്തും സ്‌കൂളുകളിൽ നീന്തൽപഠനം ഉറപ്പാക്കുമെന്ന പ്രഖ്യാപനം വന്നേക്കും. വാഗ്ദാനങ്ങൾ ആവർത്തിക്കുകയല്ല, തടസങ്ങൾ നീക്കി അത് പാലിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →