താനൂര്‍: താനൂരില്‍ പൂരപ്പുഴയില്‍ വിനോദ യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി നടത്തിയത് കൈമെയ് മറന്നുള്ള 19 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം. നേവിയും ദേശീയദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും മത്സ്യതൊഴിലാളികളും നാട്ടുകാരും ഒരേമനസ്സോടെ കൈകോര്‍ത്തപ്പോള്‍ അവസാന നിമിഷം വരെ തിരച്ചില്‍ സജീവമായി. ബോട്ട് മുങ്ങിയത് വിജനമായ സ്ഥലത്തായതിനാല്‍ പത്ത് മിനിറ്റോളം സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. ബോട്ടിലുണ്ടായിരുന്നവരുടെ ബഹളം കേട്ട് ചെറുതോണികളിലായി മത്സ്യതൊഴിലാളികളെത്തി. വെളിച്ചമില്ലാതിരുന്നതും ബോട്ട് തലകീഴായി കിടന്നിരുന്നതും വലിയ പ്രയാസം സൃഷ്ടിച്ചു. സമീപത്ത് സര്‍വീസ് നടത്തിയിരുന്ന മറ്റൊരു ബോട്ട് യാത്രക്കാരെ ഉടന്‍ കരയിലെത്തിച്ച് രക്ഷാപ്രവര്‍ത്തനത്തിനെത്തി. പിന്നാലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി നാട്ടുകാരോടൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി. മൊെബെല്‍ ഫോണിന്റെയും എമര്‍ജന്‍സി ലൈറ്റുകളുടെയും വെളിച്ചത്തിലാണ് ആദ്യമണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ടിന്റെ താഴത്തെ നിലയില്‍ മുപ്പതോളം പേരുണ്ടായിരുന്നു. ഇതില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമായിരുന്നു. ബോട്ടില്‍ നിന്ന് പുറത്തെടുക്കാനാവാതെ കുടുങ്ങിയവരില്‍ ഏറെയും ഇവരാണെന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മൂന്ന് ജെ.സി.ബി. ഉപയോഗിച്ച് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് ബോട്ട് കരയ്ക്ക് കയറ്റിയത്. ഇതിനിടെ പലവട്ടം റോപ്പുകള്‍ പൊട്ടി. വെള്ളത്തില്‍ മുങ്ങിപോയവര്‍ എത്രപേരുണ്ടെന്നതില് അവ്യക്തത നിലനിന്നതിനാല്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
അര്‍ദ്ധരാത്രി ഒന്നരയോടെ തൃശൂരില്‍ നിന്ന് 21 അംഗ എന്‍.ഡി.ആര്.എഫ്. സംഘം തെരച്ചില്‍ ബോട്ടുകളും പ്രത്യേക ലൈറ്റുകളുമായെത്തി. ബോട്ട് മറിഞ്ഞ് വെള്ളം കലങ്ങിയതിനാല്‍ തെരച്ചില്‍ സാധിച്ചില്ല. പുലര്‍ച്ചെ എന്‍.ഡി.ആര്.എഫ് ടീം നാല് ബോട്ടുകളുമായി തെരച്ചില്‍ തുടങ്ങി. പിന്നാലെ ഡൈവിങ് വിദഗ്ദരുമായി ഫയര്‍ഫോഴ്സും ഇറങ്ങി. അപകടം നടന്നതിന്റെ 150 മീറ്ററോളം പരിധിയിലാണ് പരിശോധന നടത്തിയത്. എത്ര പേരെ കാണാനില്ല എന്ന കൃത്യമായ കണക്ക് വ്യക്തമാവാത്തതിനാല്‍ തെരച്ചില്‍ സജീവമാക്കി.
2023 മെയ് 7 രാത്രി 11.30ന് ആണ് അവസാനമായി മൃതദേഹം ലഭിച്ചത്. പിന്നാലെ ഒരാളെ മാത്രമേ കണ്ടെത്താനുള്ളൂ എന്ന ഔദ്യോഗിക കണക്കെത്തി. തെരച്ചില്‍ ആദ്യ രണ്ട് മണിക്കൂറിന് പിന്നാലെ മത്സ്യതൊഴിലാളികളും രംഗത്തിറങ്ങി. ഒമ്പത് മണിയോടെ കൊച്ചിയില്‍ നിന്ന് ചേതക് ഹെലികോപ്റ്ററില്‍ മൂന്നംഗ മുങ്ങല്‍ വിദഗ്ദരുമായി നേവിയെത്തി. പിന്നാലെ എന്‍.ഡി.ആര്.എഫ്. സംഘം പരിശോധനയില്‍ നിന്ന് താത്ക്കാലികമായി പിന്‍വാങ്ങി. ഹെലികോപ്റ്റര്‍ വഴി പുഴയിലേക്ക് നേവിയുടെ മുങ്ങല്‍ വിദഗ്ദര്‍ പലവട്ടം ഇറങ്ങി. ഒരുമണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം നേവി സംഘം മടങ്ങി. കണ്ടെത്താനുള്ള ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന വിവരം ഇതിനകം പുറത്തുവന്നു. മറ്റാരും അവശേഷിക്കുന്നില്ലെന്ന നിഗമനത്തില്‍ ഉച്ചയ്ക്ക് രണ്ടോടെ എന്‍.ഡി.ആര്.എഫ് തിരച്ചില്‍ അവസാനിപ്പിച്ചു.

