തിരുവനന്തപുരം: എ.ഐ. ക്യാമറ ഇടപാടിലെ അഴിമതി ആരോപണങ്ങളില്‍ േകന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന സൂചനകള്‍ക്കിടെ, പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണില്‍ ആദായനികുതി വകുപ്പ് (ഐ.ടി) പരിശോധന. 2023 മെയ് 8 ന് രാവിലെ പത്തോടെ ആരംഭിച്ച പരിശോധന വൈകിട്ടുവരെ നീണ്ടു. എ.ഐ. ക്യാമറ ഉള്‍പ്പെടെ കെല്‍ട്രോണ്‍ നടപ്പാക്കിയ പദ്ധതികളുടെ രേഖകള്‍ പരിശോധിച്ചു. ആദായനികുതി വകുപ്പിന്റെ പതിവ് പരിശോധന മാത്രമാണു നടന്നതെന്നാണു കെല്‍ട്രോണിന്റെ വിശദീകരണം. വലിയ ഇടപാടുകളുടെ രേഖകള്‍ ഐ.ടി. സ്ഥിരമായി പരിശോധിക്കാറുണ്ട്. നടപ്പാക്കിയ പദ്ധതികളുടെ രേഖകളാണു പരിശോധിക്കാറുള്ളത്. റോഡ് ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞതിനാല്‍ ആ രേഖകളും പരിശോധിച്ചെന്നു കെല്‍ട്രോണ്‍ അറിയിച്ചു.
എന്നാല്‍, എ.ഐ. ക്യാമറ പദ്ധതിയിലെ കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് ഐ.ടി. അന്വേഷണമെന്നാണു സൂചന. ക്യാമറ ഇടപാടില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താല്‍ പിന്നാലെ, ഇ.ഡിയുടെ രംഗപ്രവേശത്തിനും കളമൊരുങ്ങും. സാമ്പത്തികക്രമക്കേട് കേസുകളില്‍ ഇ.ഡിക്ക് ഇടപെടണമെങ്കില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണു വ്യവസ്ഥ. വിജിലന്‍സ് മാത്രമല്ല, സംസ്ഥാനത്തെ ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ ആരുടെയെങ്കിലും പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താലും ഇ.ഡിക്ക് കേസെടുക്കാനാകും.
വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ തുടര്‍നടപടികളിലേക്കു കടക്കാന്‍ കെല്‍ട്രോണിനു കഴിഞ്ഞിട്ടില്ല. നിലവില്‍ മോട്ടോര്‍ വാഹനവകുപ്പിലെയും കെല്‍ട്രോണിലെയും ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പാണു നടക്കുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തേക്കാം. 232 കോടി രൂപയുടെ പദ്ധതിയില്‍ ഉപകരാറെടുത്ത കമ്പനികള്‍ മുടക്കിയ പണത്തിന്റെ സ്രോതസ് കെല്‍ട്രോണിനെ അറിയിച്ചിട്ടില്ല.
അങ്ങനെ അറിയിക്കണമെന്ന വ്യവസ്ഥയില്ലെന്നു കെല്‍ട്രോണ്‍ പറയുന്നു. ഇ.ഡി. കേസെടുക്കുന്ന സാഹചര്യമുണ്ടായാല്‍ വിവാദ കമ്പനികളുടെ സാമ്പത്തികസ്രോതസും പരിശോധിക്കപ്പെടും.