ഏകീകൃത്യ വ്യക്തി നിയമം: ചരിത്രം സൃഷ്ടിക്കാന്‍ ഉത്തരാഖണ്ഡ്

ഏകീകൃത്യ വ്യക്തി നിയമചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് സംസ്ഥാനം. സംസ്ഥാന തലത്തില്‍ ഏകീകൃത്യ വ്യക്തി നിയമം നടപ്പാക്കുന്ന പദ്ധതിയുടെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരെന്നതാണ് വാര്‍ത്ത. കഴിഞ്ഞ വര്‍ഷം മെയ് മാസം, അതായത് ഒരു വര്‍ഷം മുന്‍പാണ് ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് അഥവാ ഏകീകൃത്യ വ്യക്തി നിയമം കൊണ്ടുവരുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് നിയമത്തിന്റെ കരട് തയ്യാറായതായും അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കിയതോടെ ഏക സിവില്‍ കോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

”ജനാധിപത്യവും നിയമവാഴ്ചയും അര്‍ത്ഥമാക്കുന്നത് നിയമത്തിന് മുന്നില്‍ ഒരു വിവേചനവുമില്ലാതെ എല്ലാവരും തുല്യരാണ്. എന്നാല്‍ ഇതാണോ യാഥാര്‍ത്ഥ്യം? നിര്‍ഭാഗ്യവശാല്‍, ഭരണഘടന നിലവില്‍ വന്നിട്ട് 73 വര്‍ഷമായിട്ടും വിവേചനരാഹിത്യം നടപ്പാക്കിയിട്ടില്ല. നിങ്ങള്‍ ഒരു ഹിന്ദു സ്ത്രീയാണെങ്കില്‍, വിവാഹമോചനത്തിന് ശേഷം നിങ്ങള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു മുസ്ലീം സ്ത്രീയാണെങ്കില്‍, നിങ്ങള്‍ അങ്ങനെയല്ല. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം വിവേചനം അംഗീകരിക്കാന്‍ പാടില്ല. ഇതിന് പരിഹാരം സിവില്‍ കോഡാണ്. സംഘപരിവാറിന്റെ ഹൃദയ പദ്ധതിയാണിത്. ഇതാണ് വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും പറയുന്നത്. ഇതിനെ പിന്താങ്ങുകയാണ് ഉത്തരാഖണ്ഡ് സംസ്ഥാനവും.

ആദ്യപടി 2022ല്‍

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി 2022ലാണ് ഏകീകൃത്യ വ്യക്തി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായുള്ള വിദഗ്ധ സമിതി രൂപീകരിച്ചത്. ഡൂണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരേഖ, ഡല്‍ഹി ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്ലി, സാമൂഹിക പ്രവര്‍ത്തകന്‍ മനു ഗൗര്‍, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശത്രുഘ്നന്‍ സിങ് എന്നിവരടങ്ങുന്നതാണ് വിദഗ്ധ സമിതി. നിയമം നടപ്പാക്കുന്നതിലൂടെ വിവിധ മതവിഭാഗങ്ങള്‍ക്ക് ഏക രൂപം നല്‍കാനും ദേവഭൂമിയുടെ സംസ്‌കാരം നിലനിര്‍ത്താനും സാധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടെ ഇപ്പോഴുള്ളത് പോലെ വ്യക്തിനിയമങ്ങള്‍ക്കായി മതഗ്രന്ഥങ്ങളെ ആശ്രയിക്കേണ്ടി വരില്ല, സുപ്രീം കോടതി വരെ ഏകീകൃത നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗോവയ്ക്ക് ശേഷം സിവില്‍ കോഡ് നടപ്പിലാക്കിയ സംസ്ഥാനമെന്ന ഖ്യാതിയോടെ ഉത്തരാഖണ്ഡ് ഇന്ത്യന്‍ ഭരണ ചരിത്രത്തില്‍ ഇടം നേടും.

എന്താണ് ഏകീകൃത സിവില്‍ കോഡ്? ഭരണഘടന പറയുന്നത് എന്താണ്?

ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ മതാടിസ്ഥാനത്തില്‍ വ്യക്തി നിയമങ്ങളുണ്ട്. ഹിന്ദു വ്യക്തി നിയമം, മുസ്ലീം വ്യക്തി നിയമം എന്നിങ്ങനെ പോവുന്ന അവ. ദത്തവകാശം, വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ജീവനാംശം തുടങ്ങി നിരവധി കാര്യങ്ങളില്‍ പൗരന്‍മാര്‍ ആശ്രയിക്കുന്നത് ഇത്തരം മതാഠിസ്ഥാനത്തിലുള്ള നിയമങ്ങളാണ്. ഇത് മാറ്റി ഇവയ്‌ക്കെല്ലാം പൊതുവായ നിയമം കൊണ്ടുവരികയാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പാണ് ഈ നിയമം കൊണ്ടുവരികയെന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമായി ചൂണ്ടികാട്ടുന്നത്. പൊതുവെ എല്ലാകാര്യങ്ങളിലും the State shall secure, the State shall in particular strive to എന്ന് പറയുന്ന ഭരണഘടന ഈ വിഷയത്തില്‍ The State shall endeavour എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് സാമൂഹിക നീതി ഉറപ്പുവരുത്തേണ്ട ഘട്ടത്തില്‍ സിവില്‍ കോഡ് കൊണ്ടുവരാന്‍ ശ്രമിക്കാന്‍ പാര്‍ലമെന്റിന് ബാധ്യതയുണ്ട്. നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് പറയുന്നില്ലെന്നതാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുത. മറ്റൊന്ന് ഉത്തരാഖണ്ഡില്‍ വരുന്നത് പോലെ സംസ്ഥാന തലത്തില്‍ നിയമനിര്‍മാണ സഭ കൊണ്ടുവരുന്ന നിയമത്തെ കുറിച്ചല്ല മറിച്ച് രാജ്യത്താകെ പാര്‍ലമെന്റ് കൊണ്ടുവരുന്ന നിയമം എന്നാണ് ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ സിവില്‍ കോഡ് കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന വസ്തുതകളും ഇവയാണ്. ഇനി ഇവ നടപ്പാക്കുകയാണെങ്കില്‍ നിര്‍ദേശക തത്വങ്ങളുടെ പ്രയോഗവല്‍ക്കരണത്തെ കുറിച്ച് പറയുന്ന അനുഛേദം 37 അനുസരിച്ചായിരിക്കുകയും വേണമെന്നും ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. ഇത് പ്രകാരം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ചുമതല ഭരണകൂടത്തിനാണ്, കോടതിക്കല്ല.

അതേസമയം 2022ല്‍ ഗുജറാത്ത്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതിയെ നിയോഗിച്ചത് ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹര്‍ജിയെത്തിയപ്പോള്‍ ഭരണഘടനാപരമായ സമിതികള്‍ ആണ് ഇവയെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഭരണഘടനയുടെ 162ാം അനുച്ഛേദം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടികാട്ടി. വിവാഹം, വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഏകീകൃത നിയമമുണ്ടാക്കാനുള്ള അധികാരം നിയമനിര്‍മാണ സഭകള്‍ക്കാണെന്നും ബാക്കി പാര്‍ലമെന്റ് തീരുമാനിക്കട്ടെ എന്നും കോടതി പറഞ്ഞിരുന്നു. മറ്റൊരു വസ്തുത വ്യക്തിനിയമമെന്നത് മൗലീകവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നതാണ്. ഭരണഘടനയിലെ അനുഛേദം 13 മുതല്‍ 35 വരെ പരന്ന് കിടക്കുന്നതാണ് പൗരന്‍മാരുടെ മൗലിക അവകാശങ്ങള്‍. അനുഛേദം 25, 26, 29 എന്നിവയാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്. അനുഛേദം 25- വിഭാവനം ചെയ്യുന്നത് പൊതുജന സമാധാനത്തിനും ധാര്‍മികതയ്ക്കും കോട്ടം തട്ടാതെ മത പ്രചരണം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യമാണ്. അനുഛേദം 26- മതപരമായ സ്ഥാപനങ്ങളും വസ്തുക്കളും നിയമാനുസൃതം കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം. അനുഛേദം 29-ന്യൂനപക്ഷങ്ങളുടെ താല്‍പര്യ സംരക്ഷണം. ഭാഷ, ലിപി, സംസ്‌കാരം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. മേല്‍ പറഞ്ഞിരിക്കുന്ന മതസ്വാതന്ത്യനിയമങ്ങളിലേക്കുള്ള കൈകടത്തലാണ് സിവില്‍ കോഡ് എന്ന് അവകാശപ്പെടുന്നവരാണ് ഇതിനെ എതിര്‍ക്കുന്നവരില്‍ ഭൂരിപക്ഷവും.

സ്വപ്‌നസാക്ഷാല്‍ക്കാരത്തിനൊരുങ്ങുന്ന ബിജെപി

ഏകീകൃത്യ വ്യക്തി നിയമം ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ സജീവമായത് ഭരണഘടന നിര്‍മ്മാണ സമയത്താണ്. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും സമവായമാവാത്തതിനെ തുടര്‍ന്ന് ഏകീകൃത വ്യക്തി നിയമം ഭരണഘടന നിര്‍മ്മാണ സമിതി മാറ്റിവയ്ക്കുകയായിരുന്നു. അതിന് മുന്‍പ് ബ്രീട്ടീഷ് ഇന്ത്യ യിലും നിയമങ്ങളുടെ ഏകരൂപത ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് 1835ലെ രണ്ടാം നിയമകമ്മീഷന്റെ കാലത്ത്. ക്രിമിനല്‍-സിവില്‍-കരാര്‍ നിയമങ്ങള്‍ ഏകീകരിക്കണമെന്ന നിര്‍ദേശം അന്ന് കമ്മീഷന്‍ മുന്നോട്ട് വച്ചു. വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ശുപാര്‍ശ. ഇക്കാര്യം പിന്നീട് 1858ല്‍ വിക്ടോറിയ രാജ്ഞിയും അംഗീകരിച്ചിരുന്നു. സ്വതന്ത്യാനന്തരം ഭരണഘടന നിര്‍മാണ സഭയില്‍ വിഷയം വീണ്ടും എത്തി. കെ.എം. മുന്‍ഷിയെ അടക്കമുള്ളവര്‍ സിവില്‍ കോഡിനായി വാദിച്ചപ്പോള്‍ മൗലാന ഹസ്രത്ത് മൊഹാനിയെ പോലുള്ളവര്‍ എതിര്‍ത്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷവകാശ സമിതിയും ഏതിര്‍ ചേരിയിലായിരുന്നു. അവസാനം വിഷയം വോട്ടിനിടുകയും നിര്‍ദേശകതത്വങ്ങളില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പിന്നീട് ബിജെപി കേന്ദ്രത്തില്‍ അധികാരമുറപ്പിച്ച നാളുകളിലാണ് വിഷയം രാജ്യത്തിന് മുന്നില്‍ വീണ്ടും എത്തിക്കുന്നത്. ഏകീകൃത വ്യക്തി നിയമം രാജ്യത്ത് കൊണ്ടുവരികയെന്നത് ബിജെപിയുടെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായി മാറുകയും ചെയ്തു. എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തിലേറിയത് മുതല്‍ അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചതാണ്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തും ഏകീകൃത വ്യക്തി നിയമം കൊണ്ടുവരാന്‍ ബിജെപിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സഖ്യ കക്ഷികളുടെ പിന്തുണയില്‍ ഞാണിന്‍മേല്‍ നിന്ന വാജ്‌പേയ് സര്‍ക്കാരിന് അക്കാര്യം അചിന്തനീയമായിരുന്നു. ശേഷം ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ മോദി അധികാരത്തിലേറിയതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ഏകീകൃത വ്യക്തി നിയമം പ്രചരണായുധമായി വരെ പാര്‍ട്ടി ഉപയോഗിച്ചു. ഇതിനിടെ 2016ലാണ് മോദി സര്‍ക്കാര്‍ വിഷയം പഠിക്കുന്നതിനായി 21ാം നിയമകമ്മീഷനോട് ആവശ്യപ്പെട്ടത്. 2018 ഓഗസ്റ്റ് 31ന് കമ്മീഷന്‍ പുറത്ത് വിട്ട ശുപാര്‍ശയിലുള്ളത് നിലവിലെ വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ സ്ത്രീ-പുരുഷ സമത്വം പോലുള്ളവ ഉറപ്പിക്കുക എന്നതാണ്. സിവില്‍ കോഡ് നടപ്പാക്കാന്‍ തയ്യാറായിരുന്ന എന്‍ഡിഎ സര്‍ക്കാരിന് അതൊരു തിരിച്ചടി തന്നെയായിരുന്നു. തുടര്‍ന്ന് വീണ്ടും വിഷയം 22ാം കമ്മീഷന് വിട്ടു. ഈ മെല്ലപോക്ക് നയത്തില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെ അസഹിഷ്ണതയുണ്ട്. ഇതിനിടെയാണ് ബിജെപി തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ കോഡ് നടപ്പാക്കുക എന്ന ആശയം കൊണ്ടുവരുന്നത്. 2024ലെ തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം പാലിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ അടിസ്ഥാനം. ഉത്തരാഖണ്ഡിന് ശേഷം ഹിമാചല്‍ പ്രദേശും ഗുജറാത്തും യുപിയും അവസാനം കര്‍ണാടകയും സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നുന്നുണ്ട്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →