ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ

ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഭാര്യ ഹസിൻ ജഹാൻ സുപ്രിം കോടതിയെ സമീപിച്ചു. ഷമി ഇടക്കിടെ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു എന്നും അദ്ദേഹത്തിന് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നുമാണ് ഹസിൻ ജഹാന്റെ ആരോപണം. ഇന്ത്യൻ ടീമിനൊപ്പമുള്ള പര്യടനങ്ങൾക്കിടെ ബിസിസിഐ അനുവദിച്ച ഹോട്ടൽ മുറികളിൽ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഹസിൻ ജഹാൻ ആരോപിക്കുന്നു. ഹസിൻ ജഹാന്റെ പരാതിയിൽ 2019 ഓഗസ്റ്റ് 29ന് അലിപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെതിരെ ഷമി സെഷൻസ് കോടതിയെ സമീപിച്ചു. 2019 സെപ്തംബർ രണ്ടിന് കോടതി ഉത്തരവ് റദ്ദാക്കി. തുടർന്ന് ഷമിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഇതോടെയാണ് അവർ സുപ്രിം കോടതിയെ സമീപിച്ചത്.

2018 തുടക്കത്തിൽ ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ ഗാർഹിക പീഡനം ആരോപിച്ച് മുഹമ്മദ് ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു. ഷമിയും വീട്ടുകാരും മർദിച്ചെന്നാരോപിച്ചായിരുന്നു പരാതി. തുടർന്നു ഷമിക്കും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

2018 മാർച്ച് ഏഴിന് ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →