ആതിരപ്പളളി : ആതിരപ്പളളി ആനമല റോഡിൽ ആനക്കയം മേഖലയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം. അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. 2023 മെയ് 1ന് വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിന്റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തു. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്.
കാട്ടാനകളുടെ സാന്നിധ്യം അപൂർവ്വമായിരുന്ന താമരശ്ശേരി ചുരത്തിൽ കാട്ടാന കൂട്ടത്തെ കണ്ടത് രണ്ട് ദിവസം മുൻപാണ്. വയനാട് താമശ്ശേരിചുരം രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിലാണ് കാട്ടാനകളെ കണ്ടത്. യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങിമാറുകയായിരുന്നു.
ഏപ്രിൽ രണ്ടാം വാരത്തിൽ വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നിരുന്നു. രാവിലെ 6.30 ഓടെയാണ് ബൈക്ക് യാത്രികനായ ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സണ്ണിയുടെ ബൈക്ക് തകർന്നു. തലനാരിഴയ്ക്കാണ് സണ്ണി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.

