കൊച്ചി: രാജ്യാന്തര അതിര്‍ത്തി പിന്നിടവേ ഇറാന്‍ നാവികസേന പിടിച്ചെടുത്ത അഡ്വാന്റേജ് സ്വീറ്റ് എണ്ണക്കപ്പലിലെ മൂന്നു മലയാളി ജീവനക്കാരെ ഉള്‍പ്പെടെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. 24 ഇന്ത്യന്‍ ക്രൂ അംഗങ്ങളുള്ള എണ്ണക്കപ്പലാണ് ഇറാന്‍ നാവികസേന പിടികൂടിയത്. യു.എസിലേക്കു പോകുകയായിരുന്ന കപ്പലാണ് ഒമാന്‍ ഉള്‍ക്കടല്‍ ഭാഗത്തു വച്ചു പിടിച്ചെടുത്തത്. യു.എസ്. നാവികസേനയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫീറ്റാണ് ഇറാന്‍ പിടിച്ചെടുത്ത കപ്പലിനെ തിരിച്ചറിഞ്ഞത്. എറണാകുളം കൂനമ്മാവ് പുതുശേരി എഡ്വിന്‍, ഫോര്‍ത്ത് ഓഫീസര്‍ കടവന്ത്ര പള്ളിപ്പറമ്പില്‍ വീട്ടില്‍ ജിസ്‌മോന്‍ ജോസഫ്, ഫോര്‍ത്ത് എന്‍ജിനീയര്‍ മലപ്പുറം ചുങ്കത്തറ കോട്ടേപ്പാടം തടത്തേല്‍ സാം സോമന്‍ (29) എന്നിവരാണു കപ്പലിലുള്ള മലയാളി ജീവനക്കാര്‍. ഇവരുടെ മോചനത്തിനായി ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും നോര്‍ക്കയുടെയും സഹായം തേടിയിരുന്നു. മോചനശ്രമം തുടങ്ങിയതായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസില്‍നിന്ന് അറിയിച്ചെന്നു സാം സോമന്റെ ഭാര്യ സൂസന്‍ പറഞ്ഞു.
ജിസ്‌മോന്റെ പിതാവ് പി.ആര്‍. ജോസഫിനെയും എഡ്വിന്റെ സഹോദരന്‍ ആല്‍വിനെയും ഇറാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും അവിടത്തെ സര്‍ക്കാര്‍ പ്രതിനിധികളുമായും നാവികസേനാ ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഒമാന്‍ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചാണ് ഇറാന്‍ നാവികസേന കപ്പല്‍ പിടികൂടിയത്. കുവൈത്തില്‍നിന്നു പുറപ്പെട്ട കപ്പല്‍ യു.എസിലെ ഹൂസ്റ്റണിലേക്കായിരുന്നു യാത്ര ചെയ്തിരുന്നത്. കപ്പല്‍ രാജ്യാന്തര അതിര്‍ത്തി പിന്നിടവേ ഇറാന്‍ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. ഇറാന്റെ നടപടി രാജ്യാന്തര നിയമത്തിനു വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയ്ക്കു വിഘാതം സൃഷ്ടിക്കുന്നതാണെന്നും ഫിഫ്ത് ഫïീറ്റ് പ്രതിനിധികള്‍ പറഞ്ഞു. ഇറാന്‍ എത്രയും പെട്ടെന്നു കപ്പല്‍ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇറാന്‍ നാവികസേന കപ്പല്‍ പിടിച്ചെടുത്തെന്ന വിവരം അമേരിക്കന്‍ നാവിക വിമാനമാണു സ്ഥിരീകരിച്ചത്.

