മയങ്ങിയാലും വഴങ്ങില്ലെന്നു മസിലുപിടിച്ച് അരിക്കൊമ്പന്‍, കുങ്കിയാനകളുടെ ”വര്‍ഗവഞ്ചന”യ്ക്കുനേരേ അവസാനനിമിഷംവരെ ചെറുത്തുനില്‍പ്പ്, സഹ്യന്റെ മകനു പിന്തുണയുമായി കോരിച്ചൊരിഞ്ഞ മഴയും കോടമഞ്ഞും… ഒടുവില്‍ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ വീരോചിതം കീഴടങ്ങി! ”ആനിമല്‍ ആംബുലന്‍സെ”ന്നു പേരിട്ട ലോറിയില്‍ കയറി പുതിയ കാട്ടിലേക്ക്. കൂട്ടില്‍ക്കിടന്ന് കുങ്കിയാകേണ്ടിവന്നില്ലെന്ന ആശ്വാസം മാത്രം ബാക്കി. ഹൈക്കോടതിക്കു നന്ദി!
42 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ദൗത്യത്തിനൊടുവില്‍, പ്രതികൂല കാലാവസ്ഥയേയും ഭൂപ്രകൃതിയുടെ കടമ്പകളെയും അതിജീവിച്ചാണ് അരിക്കൊമ്പനെന്ന നാട്ടുകാരുടെ പേടിസ്വപ്നത്തെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ കടുവാസങ്കേതത്തിലെത്തിച്ചത്. മയക്കുവെടിയേറ്റശേഷവും അഞ്ചുമണിക്കൂറോളം പ്രയത്നിച്ച്, ഏഴ് ബൂസ്റ്റര്‍ ഡോസും നല്‍കിയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റാനായത്. വാഹനത്തിലേക്കു കയറ്റുന്നതിനു തൊട്ടുമുമ്പ് കുങ്കിയാനകളെ അരിക്കൊമ്പന്‍ പ്രതിരോധിക്കാന്‍ ്രശമിച്ചതും കോരിച്ചൊരിഞ്ഞ മഴയും ആശങ്കയുയര്‍ത്തിയെങ്കിലും ദൗത്യസംഘത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനായിരുന്നു അവസാനവിജയം.
ചക്കക്കൊമ്പനും പിടിയും!
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യമാരംഭിച്ചത്. ചിന്നക്കനാല്‍, സിങ്കുകണ്ടം, സിമെന്റുപാലം തുടങ്ങിയ പ്രദേശങ്ങളെല്ലാം അരിച്ചുപെറുക്കിയിട്ടും അന്ന് വൈകിട്ട് അഞ്ചോടെയാണു ശങ്കരപാണ്ഡ്യന്‍മെട്ടിലേക്കു കടന്ന അരിക്കൊമ്പനെ കണ്ടെത്താനായത്. തുടര്‍ന്ന്, ഇന്നലെ രാവിലെ എട്ടോടെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ രണ്ടാംദിവസത്തെ ദൗത്യമാരംഭിച്ചു. രാവിലെ പത്തോടെ അരിക്കൊമ്പനെ സിങ്കുകണ്ടത്തിനു സമീപം മൊട്ടക്കുന്നില്‍ കണ്ടെത്തി. ഇതോടെ പ്രദേശം വളഞ്ഞ ദൗത്യസംഘം ആനയെ എങ്ങനെയും സിമെന്റ്പാലത്തിനു സമീപത്തേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങി. പടക്കം പൊട്ടിച്ച് ആന മറ്റിടങ്ങളിലേക്കു നീങ്ങുന്നതു തടഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായി ചക്കക്കൊമ്പനും ഒരു പിടിയാനയും അരിക്കൊമ്പനു സമീപമെത്തി. അരമണിക്കൂറിനുശേഷമാണു രണ്ട് ആനകളും അരിക്കൊമ്പന്റെ സമീപത്തുനിന്നു മാറിയത്.
വടം കുടഞ്ഞെറിഞ്ഞു;മാസ്‌ക് പറിച്ചെറിഞ്ഞു
രാവിലെ പതിനൊന്നരയോടെ ദൗത്യത്തിന് അനുയോജ്യമായ സ്ഥലത്ത് അരിക്കൊമ്പനെ എത്തിക്കാനായി. 11.55-ന് ആദ്യ റൗണ്ട് മയക്കുവെടിവച്ചു. ആന പൂര്‍ണമായും മയങ്ങാത്തതിനാല്‍ 12.43-നു രണ്ടാമതും മയക്കുവെടി. എന്നിട്ടും അരിക്കൊമ്പനെ മയക്കാനായില്ല. ഉച്ചകഴിഞ്ഞ് രണ്ടിനുശേഷം മൂന്ന് ബൂസ്റ്റര്‍ ഡോസുകള്‍കൂടി. അതേസമയം സിമെന്റ്പാലത്തിനു സമീപം നിലയുറപ്പിച്ചിരുന്ന നാല് കുങ്കിയാനകളെ അരിക്കൊമ്പനു സമീപമെത്തിച്ചു. തുടര്‍ന്ന് കാലുകളില്‍ വടംകെട്ടാന്‍ ശ്രമം തുടങ്ങി. മുന്‍കാലില്‍ കെട്ടിയ വടം ആന കുടഞ്ഞെറിഞ്ഞു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണു നാല് കാലിലും വടം കെട്ടിയത്. കാഴ്ച മറയ്ക്കാന്‍ ആനയുടെ മുഖത്ത് കെട്ടിയ കറുത്തതുണി തുമ്പിക്കൈകൊണ്ട് പറിച്ചെറിഞ്ഞു.
മണ്ണുമാന്തിയന്ത്രംകൊണ്ട് വഴിവെട്ടിയാണ് ആന നില്‍ക്കുന്നിടത്തേക്ക് ആനിമല്‍ ആംബുലന്‍സ് എത്തിച്ചത്. വൈകിട്ട് അഞ്ചോടെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റാന്‍ ശ്രമം തുടങ്ങി. കുങ്കിയാനകളായ കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം, സൂര്യന്‍ എന്നിവ അരിക്കൊമ്പന്റെ ഇരുവശത്തും നിലയുറപ്പിച്ചു. തുടര്‍ന്ന്, കുത്തിയും തള്ളിയും അരിക്കൊമ്പനെ ലോറിയില്‍ കയറ്റാന്‍ കുങ്കിയാനകളുടെ ശ്രമം. എന്നാല്‍, മയക്കത്തിലും കുങ്കിയാനകളെ തട്ടിനീക്കിയ അരിക്കൊമ്പന്‍ ലോറിയില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഇതിനിടെ കനത്തമഴയും മൂടല്‍മഞ്ഞുമെത്തിയതോടെ ദൗത്യസംഘം ആശങ്കയിലായി. ഇതോടെ, ആറാം ബൂസ്റ്റര്‍ ഡോസ് പ്രയോഗിച്ചു. തുടര്‍ന്ന്, കുങ്കിയാനകളുടെ ഊര്‍ജിതശ്രമത്തില്‍ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി. പുതുതായി വെട്ടിയ വഴിയിലൂടെ ലോറി ടാര്‍ റോഡിലേക്ക്.
ടാര്‍ റോഡിലെത്തിയശേഷമാണു മണ്ണുമാന്തിയന്ത്രത്തില്‍ കയറിനിന്ന് ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചത്. തുടര്‍ന്ന്, ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച്, മയക്കം വിട്ടുമാറാതിരിക്കാന്‍ വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കി. ആറേകാലോടെ ആനയേയും വഹിച്ച് ലോറി ചിന്നക്കനാലില്‍നിന്നു പുറപ്പെട്ടു. വാഹനങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും മറ്റ് വകുപ്പ് അധികൃതരും അനുഗമിച്ചു. അരിക്കൊമ്പനെ എത്തിക്കുന്നതിനു മുന്നോടിയായി കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. രാത്രി പത്തോടെ പെരിയാര്‍ കടുവാസങ്കേതത്തിലെ സീനിയറോട എന്ന സ്ഥലത്ത് അരിക്കൊമ്പനെ എത്തിച്ചു.

