സുൽത്താൻബത്തേരി: കനത്ത ചൂടിൽ കബനി നദി വറ്റിവരണ്ടു . കബനിയോട് ചേർന്ന് കിടക്കുന്ന പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കടുത്ത ജലക്ഷാമം തുടരുന്നു. വയനാട്ടിലെ കാർഷിക മേഖലകളിൽ വരൾച്ച താണ്ഡവമാടുകയുമാണ് . വേനൽ കടുത്തതോടെ മുമ്പെങ്ങുമില്ലാത്ത വിധം പാറക്കെട്ടുകൾ പുറത്തുകാണത്തക്ക വിധത്തിൽ കബനി നദി വറ്റി വരണ്ടിരിക്കുകയാണ്. കടത്തുതോണിയിറക്കുന്ന ഇടങ്ങളിൽ അല്ലാതെ എവിടെയും പേരിന് പോലും വെള്ളമില്ല. പല സ്ഥലങ്ങളിലും കാല് നനയാതെ മറുകരയെത്താനാകും എന്നതാണ് സ്ഥിതി. സമീപകാലം വരെ വയനാട്ടിലെ കർഷകർ ചെറുമോട്ടോറുകളുപയോഗിച്ച് കൃഷിയിടങ്ങൾ നനക്കാൻ വെള്ളം പമ്പ് ചെയ്തിരുന്നു. അതിന് പോലും പറ്റാത്ത അവസ്ഥയാണിപ്പോൾ.
ഓരോ ദിവസം കഴിയുംതോറും നദി കൂടുതൽ വരണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രദേശത്തെ കർഷകർ ചൂണ്ടിക്കാട്ടി. കബനിയുടെ കൈവഴികളായ കന്നാരം പുഴ, കടമാൻതോട്, ബാവലി പുഴ തുടങ്ങിയിടങ്ങളിൽ നിന്നുള്ള വെള്ളം ഇപ്പോഴും കബനിയിലേക്ക് എത്തുന്നുണ്ടെങ്കിലും തീരത്തെ കാർഷികമേഖലയെ പച്ചപ്പണിയിക്കാൻ ഈ ജലമൊന്നും തികയില്ല എന്നതാണ് അവസ്ഥ.
അതേ സമയം മുൻകൂട്ടി ഉണർന്നു പ്രവർത്തിച്ച കർണാടകയുടെ ഡാമുകളിൽ കബനിയിലൂടെ ഒഴുകിയെത്തിയ വെള്ളം സുലഭമാണ്. ഇപ്പോൾ കാർഷിക ആവശ്യത്തിനായി എച്ച്.ഡി കോട്ടയിലെ ബീച്ചനഹള്ളി ഡാമിൽ നിന്നും നൂഗു, താർക്ക ഡാമുകളിലേക്ക് ടണലുകൾ വഴി വെള്ളം കൊണ്ടുപോകുകയാണ് കർണാടക. 1974 ലാണ് കർണാടക ബീച്ചനഹള്ളി അണക്കെട്ട് നിർമിച്ചച്ചെതെങ്കിലും കാലാവസ്ഥ മാറ്റം കണ്ടറിഞ്ഞ് പത്ത് വർഷം മുമ്പ് മാത്രമാണ് നൂഗു, താർക്ക ഡാമുകൾ നിർമിച്ചത്. ബീച്ചനഹള്ളിയിൽ അളവിൽ കൂടുതൽ ജലമെത്തുമ്പോൾ അധികമുള്ള ജലം ഇവിടെ നിന്നും വെള്ളം ടണൽ വഴി ഈ ഡാമുകളിലേക്ക് എത്തിച്ച് വേനലിൽ കൃഷി ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
വരുംകാലത്തെ പ്രതിസന്ധി മനസിലാക്കി കർണാടക പ്രവർത്തിക്കുമ്പോൾ വയനാട്ടിൽ കടാമൻ തോട് പദ്ധതി എവിടെയും എത്താത്ത സ്ഥിതിയിലാണ്. കബനിയെ തൊട്ടുചാരി നിൽക്കുന്ന തോട്ടങ്ങൾ പോലും വരണ്ടുണങ്ങുമ്പോൾ ജില്ല പഞ്ചായത്തിനോ പഞ്ചായത്തുകൾക്കോ കാര്യമായി ഒന്നും ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

