ആനുകൂല്യങ്ങളും പെൻഷനും നൽകാതെ സർക്കാർ പീഡിപ്പിക്കുന്നതായി ഡോ. സിസ: ഗവർണറും രാജ്ഭവനും കൈകഴുകിയ മട്ടിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവ് അനുസരിച്ചു സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ഏറ്റെടുത്തു എന്നതിന്റെ പേരിൽ ഡോ.സിസയെ അധികൃതർ പീഡിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ഡോ.സിസ തോമസ് സർക്കാർ സർവീസിൽ നിന്നു വിരമിച്ചെങ്കിലും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പെൻഷനും സർക്കാർ നൽകുന്നില്ല. വിരമിക്കുന്നതിനു തൊട്ടു മുൻപുള്ള മാസത്തെ ശമ്പളവും പിടിച്ചു വച്ചിരിക്കുകയാണ്.

സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ ഗവർണറുടെ ഉത്തരവ് അനുസരിച്ചു എന്നതാണു സിസ ചെയ്ത കുറ്റം. അവർക്കു നിയമന ഉത്തരവു നൽകിയ ഗവർണറും രാജ്ഭവനും ആകട്ടെ ഇപ്പോൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകിയ മട്ടിലാണ്. ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്ന സമയത്താണു ഡോ.സിസയെ വിസിയായി നിയമിച്ചത്. ഇപ്പോൾ സർവകലാശാലാ കാര്യങ്ങൾ ഗവർണറും സർക്കാരും ആലോചിച്ചാണു തീരുമാനിക്കുന്നത്. വിരമിക്കുന്നതിനു മുമ്പ് സിസയെ സസ്പെൻഡ് ചെയ്യാൻ സർക്കാർ നീക്കം നടത്തിയെങ്കിലും നടന്നില്ല. ഫയലുകൾ നിരുത്തരവാദപരമായി കൈകാര്യം ചെയ്തുവെന്ന് ആരോപിച്ച് അവർക്കു കുറ്റപത്രം നൽകിയിരുന്നു.

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ആയിരിക്കെയാണു ഡോ. സിസയ്ക്കു സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ലഭിച്ചത്. ഇതിനിടെ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക് അവരെ മാറ്റി. എന്നാൽ ഡയറക്ടറേറ്റിൽ നിന്നു റിലീവ് ചെയ്തതായി എഴുതി നൽകാൻ പോലും അധികൃതർ തയാറായില്ല.വിരമിച്ച ശേഷവും സർക്കാർ വെറുതേ വിടാത്ത സാഹചര്യത്തിൽ നീതിക്കായി കോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണു ഡോ. സിസ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →