സോള്‍: ലോകപ്രശസ്ത ദക്ഷിണകൊറിയന്‍ സംഗീതബാന്‍ഡ് ബി.ടി.എസിലെ അംഗം ജിമിനിനെപ്പോലെ തോന്നിപ്പിക്കാന്‍ 12 ശസ്ത്രക്രിയകള്‍ക്കു വിധേയനായ കനേഡിയന്‍ നടന്‍ സെന്റ് വോണ്‍ കൊളൂച്ചിക്കു ദാരുണാന്ത്യം. ഇരുപത്തിരണ്ടാം വയസിലാണ് മരണം വോണിനെ തട്ടിയെടുത്തത്. ദക്ഷിണ കൊറിയയിലെ ഒരു ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. 2019-ല്‍ കാനഡയില്‍നിന്ന് സംഗീതരംഗത്ത് ഒരു കരിയറിനായി സെന്റ് വോണ്‍ ദക്ഷിണ കൊറിയയിലേക്കു താമസം മാറ്റിയതാണ്.
യു.എസ്. സ്ട്രീമിങ് നെറ്റ്വര്‍ക്കിനായി ബി.ടി.എസ്. താരം ജിമിനിനെ അവതരിപ്പിക്കാനാണ് വോണ്‍ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനായതെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വച്ച താടിയെല്ല് നീക്കം ചെയ്യുന്നതിനായി നടന്‍ കഴിഞ്ഞ 22 ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്ന് അണുബാധയായി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പിറ്റേന്ന് അദ്ദേഹം മരിച്ചു. മൂക്ക്, മുഖം, പുരികം, ചുണ്ട്, എന്നിവയിലടക്കം 12 ശസ്ത്രക്രിയകള്‍ക്കായിവോണ്‍ 220,000 ഡോളറാണ് ചെലവിട്ടത്.ദാരുണവും നിര്‍ഭാഗ്യകരവുമായ മരണവാര്‍ത്തയാണ് ഇതെന്ന് വോണിന്റെ പബ്ലിസിസ്റ്റ് എറിക് ബ്ലേക്ക് ഡെയ്ലി മെയിലിനോട് പ്രതികരിച്ചു. ”വോണ്‍ തന്റെ രൂപത്തെക്കുറിച്ച് വളരെ അരക്ഷിതനായിരുന്നു. ചതുരാകൃതിയിലുള്ള താടിയെല്ലും താടിയുമായിരുന്നു അദ്ദേഹത്തിന്. അതിന്റെ ആകൃതി അദ്ദേഹം ഇഷ്ടപ്പെട്ടില്ല. വലിയ താടിയെല്ല് ആയിപ്പോയെന്ന് വിഷമിച്ചു. പല ഏഷ്യക്കാര്‍ക്കും ഉള്ളതുപോലെ താടിക്ക് വി ആകൃതി വേണം എന്നായിരുന്നു വോണിന്റെ ആഗ്രഹം. ദക്ഷിണ കൊറിയയില്‍ ജോലി ലഭിക്കാന്‍ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടായിരുന്നു.” വെസ്റ്റേണ്‍ ലുക്ക് വിവേചനം സമ്മാനിക്കുന്നെന്ന കാഴ്ചപ്പാടിലായിരുന്നു സെന്റ് വോണ്‍ എന്നും എറിക് ബ്ലേക്ക് അനുസ്മരിച്ചു. ഇതാദ്യമായല്ല ജിമിനിന്റെ മുഖത്തോടു സാദൃശ്യം വരുത്താനായി ആളുകള്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. ഇന്റര്‍നെറ്റില്‍ പ്രശസ്തനായ ഒലി ലണ്ടന്‍ 32 വട്ടം ശസ്ത്രക്രിയയ്ക്കു വിധേയനായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

