എ.ഐ ക്യാമറകൾ : കരാറിൽ അടിമുടി ദുരൂഹതകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. 232 കോടി  രൂപ മുതൽമുടക്കിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറിൽ അടിമുടി ദുരൂഹതകളാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകൾ സർക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ  ലഭ്യമല്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കരാർ സംബന്ധിച്ച സർക്കാർ ഉത്തരുവുകൾ, ഗതാഗത വകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെൽട്രോൺ നടത്തിയ ടെൻഡർ നടപടിയുടെ വിവരം, കരാർ സംബന്ധിച്ച നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്തിൻറെ പൂർണരൂപം സംസ്ഥാനത്തു സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് 232 കോടി  രൂപ മുതൽമുടക്കിൽ സ്ഥാപിച്ച എ ഐ ക്യാമറകളുടെ കരാറിൽ അടിമുടി ദുരൂഹതകളാണ് നിലനിൽക്കുന്നത്.  യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകൾ സർക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു.  ഈ പദ്ധതി സംബന്ധിച്ചു എനിക്ക് ലഭ്യമായ രേഖകൾ പരിശോധിച്ചപ്പോൾ തന്നെ  മാർക്കറ്റ് നിരക്കിനേക്കാൾ ഉയർന്ന  നിരക്കിലാണ് ക്യാമറകൾ വാങ്ങിയതെന്നും, കരാർ കമ്പനികളെ തെരഞ്ഞെടുത്തതിലും സുതാര്യത പുലർത്തിയിട്ടില്ലെന്നും മനസിലാക്കാൻ സാധിച്ചു.  

എ.ഐ ക്യാമറ  പദ്ധതിയുടെ നടത്തിപ്പിനായി ഗതാഗത വകുപ്പ്  കെൽട്രോണിനെ ചുമതലപ്പെടുത്തിയാതായി അറിയാൻ സാധിച്ചു. ഇത് സംബന്ധിച്ച ഒരു സർവീസ് ലെവൽ എഗ്രിമെന്റ് നിലനിൽക്കുന്നതായി അറിയുന്നു. എന്നാൽ ഈ എഗ്രിമെന്റ് പൊതുജനമധ്യത്തിൽ ലഭ്യമല്ല. ഈ എഗ്രിമെന്റിലെ  വ്യവസ്ഥകൾക്കെതിരായാണ് കെൽട്രോൺ പ്രവർത്തിച്ചത് എന്നാണ് ഇപ്പോൾ  മനസിലാക്കാൻ സാധിക്കുന്നത്. മാർക്കറ്റിൽ അന്താരാഷ്ട്ര കമ്പനികളുടേതടക്കം നിരവധി എ.ഐ ക്യാമറകൾ ലഭ്യമായുള്ളപ്പോൾ, ഉയർന്ന  നിരക്കിൽ ക്യാമറകളുടെ സാമഗ്രികൾ വാങ്ങി  അസ്സെംബിൾ ചെയ്യുകയാണ് കെൽട്രോൺ ചെയ്തത്. മാർക്കറ്റിൽ ലഭ്യമായുള്ള കാമറകൾക്ക് വാറന്റിയും, മൈന്റെനൻസും സൗജ്യന്യമായി ലഭിക്കുമ്പോൾ ഇതിനായി ഭീമായ തുകയാണ് കെൽട്രോൺ അധികമായി കരാറിൽ വകയിരുത്തിയിരിക്കുന്നത്. ഇത് അഴിമതിയിലേക്കാണ് വിരൽചൂണ്ടുന്നത്.      
ഇത് കൂടാതെ, ഈ  പദ്ധതിയുടെ ആദ്യഘട്ടത്തിൽ  കൺസൾട്ടന്റായി തെരെഞ്ഞെടുത്ത കെൽട്രോൺ പിന്നീട് കരാർ കമ്പനികളെ തെരെഞ്ഞെടുക്കുന്നതും, മെയിന്റനൻസ് അടക്കമുള്ള ജോലികൾ അധികമായി നൽകിയതിലും ദുരൂഹത നിലനിൽക്കുകയാണ്. ധനവകുപ്പിന്റെ  എതിർപ്പുകളെ പോലും മറികടന്നുകൊണ്ട് കെൽട്രോണിനെ ഈ പദ്ധതിയുടെ ചുമതല ഏല്പിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. അതോടൊപ്പം 232 ,കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ കരാറിനെ തുടർന്ന് കെൽട്രോൺ ഈ പദ്ധതിയുടെ കരാർ എസ് ആർ ഐ ടി  എന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ്  151 കോടി  രൂപയ്ക്കാണ്  നൽകിയിരിക്കുന്നത്.
ആർ ഐ ടി എന്ന സ്ഥാപനമാക്കട്ടെ കരാർ ലഭിച്ചതിനെ തുടർന്ന്  അവർ  തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ  ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ  കമ്പനികളുമായി  ചേർന്നാണ് കൺസോർഷ്യത്തിനു രൂപം നൽകിയത്.  ഇതിൽ നിന്നും എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന് വ്യക്തമാണ്.  ഇങ്ങനെ സാങ്കേതിക പരിജ്ഞാനമില്ലാത്ത കമ്പനിക്ക് എന്തടിസ്ഥാനത്തിൽ കരാർ  ലഭിച്ചു എന്നതും അന്വേഷിക്കേണ്ടതുണ്ട്.

കെൽട്രോൺ നൽകിയ ടെണ്ടറിൽ ആരൊക്കെ പങ്കെടുത്തെന്നും ഏത് കമ്പനിയെയാണ് തെരഞ്ഞെടുത്തതെന്നും മന്ത്രിസഭ യോഗ കുറിപ്പിൽ പോലും വ്യക്തമാക്കാത്തതു ജനങ്ങളിൽ ദുരൂഹത വർധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ കരാർ സംബന്ധിച്ച സർക്കാർ ഉത്തരുവുകൾ, ഗതാഗത വകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെൽട്രോൺ നടത്തിയ ടെൻഡർ നടപടിയുടെ വിവരം, കരാർ സംബന്ധിച്ച നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവ ലഭ്യമാക്കാൻ താത്പര്യപ്പെടുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →