കൽപറ്റ : നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്കു മറിഞ്ഞ് 3 വിദ്യാർഥികൾ മരിച്ചു. 3 പേർക്കു ഗുരുതര പരുക്ക്. കണ്ണൂർ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്. 2023 ഏപ്രിൽ 23ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം.
മലയാറ്റൂർ സന്ദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടി ജംക്‌ഷനു സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ് അഡോൺ. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങൾ: ജിസ് (യുകെ),ജിസൻ. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്നേഹ. സഹോദരൻ: ജസ്റ്റിൻ (യുകെ)