കൊല്ലം: പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ സ്ത്രീയുടേയും പുരുഷന്റേയും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കല്ലടയാറിനോട് ചേർന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറമ്പോക്കിൽ താത്കാലിക ഷെഡിൽ 2023 ഏപ്രിൽ 21നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുർഗന്ധം വന്നതിനെത്തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. സംഭവത്തിൽ പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പുഴുവരിച്ച് തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. ഷെഡിൽ താമസിച്ചിരുന്ന ഇന്ദിരയുടേയും സുഹൃത്തിന്റേയുമാകാം മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. വീടിന് മുറ്റത്ത് ചോര പാടുകളും ചോര പുരണ്ട കല്ലും പൊലീസ് കണ്ടെടുത്തു. കൊട്ടാരക്കരയിൽ നിന്നും ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

