മൂന്നാർ: എംഎൽഎയായ തന്റെയും സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെയും പേരുകൾ നോട്ടിസിൽ ചേർക്കാതെ വനം വകുപ്പു ഉദ്യോഗസ്ഥർ മനഃപൂർവം തഴഞ്ഞതായി എം.എം.മണി എംഎൽഎ. വനം മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വനസൗഹൃദ സദസ്സ് ചടങ്ങിനിടെയാണ് എം.എം.മണി വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. അരിക്കൊമ്പൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ താൻ ജനങ്ങൾക്കൊപ്പം നിന്ന് വനം വകുപ്പിനെതിരെ തിരിഞ്ഞതാണ് ഇഷ്ടക്കേടിനു കാരണം. 2023 മാർച്ച് 16ന് തീരേണ്ട അരിക്കൊമ്പൻ വിഷയം കോടതിയിലെത്തിച്ച് വഷളാക്കിയതിനു പിന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നാറിൽ നടന്ന വനസൗഹൃദ സദസ്സ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് സർക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് വനംമന്ത്രി പറഞ്ഞു. വനാതിർത്തികളോട് ചേർന്നുള്ള സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെയും ജനപ്രതിനിധികളുമായി ചർച്ചകൾ നടത്തി വന്യമൃഗ ആക്രമണം, കൃഷി നാശം, മരംമുറി, റോഡു വെട്ടൽ സർവേ നടപടികൾ, പട്ടയപ്രശ്നങ്ങൾ തുടങ്ങി വനം വകുപ്പുമായുള്ള എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കും. വനംവകുപ്പിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാനുള്ളവർക്ക് 15 ദിവസത്തിനകം നൽകും.
വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി അടിമാലി, നേര്യമംഗലം, ദേവികുളം റേഞ്ചുകളിൽ മൂന്നാർ ദ്രുത സംരക്ഷണസേനാ സംഘങ്ങളെ നിയമിക്കാൻ ഉത്തരവായി. ഇവർക്ക് ഒരു ജീപ്പും ഒരു ഇരുചക്രവാഹനവും അനുവദിച്ചു. ചിന്നക്കനാലിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ അനന്തരാവകാശി രാധികയ്ക്ക് ആശ്രിത നിയമന ഉത്തരവു നൽകും വരെ താൽക്കാലിക ജീവനക്കാരിയായി നിയമനം നൽകി. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട എട്ടു പേരുടെ ബന്ധുക്കൾക്ക് 49 ലക്ഷം രൂപയുടെ ചെക്കും ചടങ്ങിൽ വിതരണം ചെയ്തു.
എം.എം.മണി എംഎൽഎ, ആനന്ദ റാണിദാസ്, അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി. പുകഴേന്തി, ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ്, സിസിഎഫ് (ഹൈറേഞ്ച് സർക്കിൾ) ആർ.എസ്.അരുൺ, വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

