വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി: നിരവധി പേരുടെ ആവശ്യപ്രകാരം വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കുമെന്നും ട്രെയിന്റെ ഫ്ലാഗ് ഓഫ് 2023 ഏപ്രിൽ 25 ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. ഫേസ് 1 ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കും. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേക വാർത്താസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിൻ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. കാസർഗോഡിലേക്ക് നീട്ടിയതിനാൽ പരിഷ്കരിച്ച സമയക്രമം ഉടൻ പുറത്തിറങ്ങിയേക്കും. എക്‌സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണമുൾപ്പെടെ തിരുവനന്തപുരം-കണ്ണൂർ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചിൽ ഭക്ഷണമുൾപ്പെടെ തിരുവനന്തപുരം-കണ്ണൂർ നിരക്ക് 1,400 രൂപയാണ്. 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകൾ മുന്നിലും പിന്നിലുമുണ്ടാകും.

2023 ഏപ്രിൽ 17ന് ആയിരുന്നു വന്ദേഭാരതിന്റെ പരീക്ഷണയോട്ടം. 7 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിയത്. 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ, ഉച്ചയ്ക്ക് 12.19ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. 7 മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തിയത്. കണ്ണൂരിൽ നിന്ന് 7 മണിക്കൂർ 20 മിനിറ്റ് എടുത്താണ് വന്ദേഭാരത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →