ദുബൈയിലെ തീപിടുത്തത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ദുബൈയിലെ ദേരയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കള്ളക്കുറിച്ചി രാമരാജപുരം സ്വദേശികളായ ഇമാം കാസിം അബ്‍ദുൽ ഖാദർ (43), ഗുഡു സാലിയാകൂണ്ടു (49) എന്നിവരാണ് മരിച്ചത്. 2023 ഏപ്രിൽ 15 ശനിയാഴ്ചയാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും യുഎഇയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും എം.കെ സ്റ്റാലിൻ പ്രസ്‍താവനയിലൂടെ അറിയിച്ചു.

വിവിധ രാജ്യക്കാരായ 16 പേരാണ് തീപിടുത്തത്തിൽ മരിച്ചത്. ഇവരിൽ നാല് പേർ ഇന്ത്യക്കാരായിരുന്നു. രണ്ട് തമിഴ്നാട് സ്വദേശികൾക്ക് പുറമെ മലപ്പുറം സ്വദേശികളായ മലയാളി ദമ്പതികൾ റിജേഷും (38), ജിഷിയും (32) അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. റിജേഷിന്റെയും ജിഷിയുടെയും മൃതദേഹങ്ങൾ 2023 ഏപ്രിൽ 17ന് തി ങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ചു. ഇരുവരുടെ നിർമാണം പൂർത്തിയാവാറായ പുതിയ വീട്ടിലേക്കാണ് മൃതദേഹങ്ങൾ എത്തിച്ചത്. ദമ്പതികളെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് നാട്ടിൽ തടിച്ചുകൂടിയിരുന്നത്.

മരണപ്പെട്ട തമിഴ്നാട് സ്വദേശികൾ രണ്ട് പേർക്കും തീപിടിച്ച കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ജീവൻ നഷ്ടമായത്. ഇരുവരും ഒരേ നാട്ടുകാരാണ്. റിജേഷും ജിഷിയും താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത മുറിയിലാണ് തീപിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത്. 

പതിനൊന്ന് വർഷം മുമ്പ് വിവാഹിതരായ റിജേഷിനും ജിഷിക്കും മക്കളില്ല. ഒരു പതിറ്റാണ്ടിലധികം പ്രവാസ ലോകത്ത് ജോലി ചെയ്‍ത് സമ്പാദിച്ചാണ് വീടെന്ന സ്വപ്‍നം അടുത്തിടെ ഏതാണ്ട് പൂർത്തീകരിച്ചത്. വിഷുവിന് ഗൃഹപ്രവേശനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാൽ ആ സമയം നാട്ടിൽ പോകാൻ കഴിയാതെ വന്നതോടെ തീരുമാനം മാറ്റി. എങ്കിലും വൈകാതെ തന്നെ പണി പൂർത്തിയാക്കി പുതിയ വീട്ടിൽ താമസം തുടങ്ങാനുള്ള  തയ്യാറെടുപ്പിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →