നവി മുംബൈ : മഹാരാഷ്ട്രയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ചടങ്ങിനിടെ സൂര്യാഘാതമേറ്റ് 12 പേർ മരിച്ചു. നവി മുംബൈയിലെ ഫ്ഡനാവിസിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർ പങ്കെടുത്ത ഭൂഷൺ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിലാണ് സൂര്യാഘാതമേറ്റ് എട്ട് സ്ത്രീകളും നാല് പുരുഷന്മാരും മരിച്ചത്. 2023 ഏപ്രിൽ 16ന് ആണ് സംഭവം.
ചടങ്ങിൽ പങ്കെടുത്ത, സൂര്യാഘാതമേറ്റ അറുനൂറോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കടുത്ത ചൂടിനെ തുടർന്ന് നിരവധി പേരാണ് ബോധരഹിതരായി വീണത്. തിക്കും തിരക്കും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നവി മുംബൈ പൊലീസിന്റെ ഔദ്യോഗിക അറിയിപ്പ്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ആറുമണിക്കൂറോളം ജനങ്ങൾ വെയിൽ കൊള്ളുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. വിഐപികൾക്കും മാധ്യമങ്ങൾക്കും ഉൾപ്പെടെ ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന വേദിയിലാണ് ചടങ്ങ് നടത്തിയത്.
മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതവും ആശുപത്രിയിലുള്ളവർക്ക് സൗജന്യചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തിനിടെ മഹാരാഷ്ട്രയിൽ പരമാവധി താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

