കൊച്ചി : ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗൾഫ് രാജ്യങ്ങളിൽ ക്രൈസ്തവ സഭയ്ക്ക് സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്ന് കർദിനാൾ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ചു പ്രവർത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളതെന്നും മാർ ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.
മുസ്ലിംരാജ്യങ്ങളിലുള്ള ആരാധനാസ്വാതന്ത്യത്തെക്കുറിച്ച് പറഞ്ഞകാര്യങ്ങൾ താൻ ഉദ്ദേശിക്കാത്ത രീതിയിൽ റിപ്പോർട്ടുചെയ്യപ്പെട്ടതു നിർഭാഗ്യകരമാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതിൽ അതീവ ദുഃഖം രേഖപെടുത്തുന്നു. യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെല്ലാം സാഹോദര്യത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് തുടരുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

