പുണ്യ-പാപങ്ങളുടെ കണക്കെടുപ്പ് ഭൂമിയില്‍ തന്നെ; അതീഖ് കൊലയില്‍ സമ്മിശ്ര പ്രതികരണം

ന്യൂഡല്‍ഹി: പോലീസ് വലയത്തില്‍ വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്ന മുന്‍ പാര്‍ലിമെന്റംഗത്തെയും സഹോദരനെയും മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുന്നതിനിടെ ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ വെച്ച് പരസ്യമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സമ്മിശ്ര പ്രതികരണം. 15/04/23 ശനിയാഴ്ച വൈകുന്നേരം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫും പ്രയാഗ്രാജില്‍ വെടിയേറ്റ് മരിച്ചത്. ടിവി മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ എത്തിയ മൂന്ന് അക്രമികളെ സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

പുണ്യ-പാപങ്ങളുടെ കണക്കെടുപ്പ് ഭൂമിയില്‍ തന്നെയാണ്- ഇതായിരുന്നു അതീഖ് കൊല്ലപ്പെട്ടതിന് പിന്നാലെ യുപി ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിംഗ് ട്വീറ്റ് ചെയ്തത്. ‘പാപ്-പുണ്യ കാ ഹിസാബ് ഇസി ജന്മം മേ ഹോതാ ഹേ…എന്ന് അദ്ദേഹം കുറിച്ചു. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്താണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പ്രതികരിച്ചത്. ‘സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ സംസ്ഥാനത്ത് മുഖംമൂടി ആക്രമണം അരങ്ങുവാഴുകയാണ്. കുറ്റവാളികളുടെ മനോവീര്യം ഉയര്‍ന്നിരിക്കുന്നു. പോലീസിന്റെ സുരക്ഷാ വലയത്തിനിടയില്‍ പരസ്യമായി ഒരാളെവെടിവച്ച് കൊല്ലാന്‍ കഴിയുമ്പോള്‍, പൊതുജനങ്ങളുടെ സുരക്ഷയെന്ത്? ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ചിലര്‍ ബോധപൂര്‍വം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് വേണം കരുതാന്‍ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലൈവ് ടെലികാസ്റ്റ് വഴി കൊലപാതകം ആഘോഷിക്കുന്നവര്‍ കഴുകന്മാരാണെന്നാണ് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചത്.
ആ കൊലയാളികള്‍ക്ക് എങ്ങനെയാണ് ആ ആയുധങ്ങള്‍ ലഭിച്ചത്?… അവരെ കൊന്നതിന് ശേഷം അവര്‍ എന്തിനാണ് മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്? തീവ്രവാദികളല്ലെങ്കില്‍ അവരെ എന്ത് വിളിക്കും? നിങ്ങള്‍ അവരെ രാജ്യസ്‌നേഹികള്‍ എന്ന് വിളിക്കുമോ? എന്നും ഒവൈസി ചോദിച്ചു. ഇരുവരുടെയും കൊലപാതകം യോഗി സര്‍ക്കാരിന്റെ ക്രമസമാധാന സംവിധാനത്തിന്റെ പരാജയമാണ്. ഏറ്റുമുട്ടല്‍ രാജ് ആഘോഷിക്കുന്നവരും ഈ കൊലപാതകത്തിന് ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം നടത്തുന്നത് നിയമവാഴ്ചയിലൂടെയല്ല, തോക്കിന്റെ വാഴ്ചയിലൂടെയാണെന്ന് യോഗി ആദിത്യനാഥ് എപ്പോഴും പറയാറുണ്ടെന്നും ഒവൈസി പറഞ്ഞു. ‘ മാധ്യമങ്ങള്‍ അവനെ ഗുണ്ടാസംഘമാക്കി… ചിലപ്പോള്‍ ചില കാര്യങ്ങള്‍ വലിയ ആളുകളാല്‍ സംഭവിക്കും… വലിയ സ്ഥാനങ്ങളില്‍ ഇരുന്നു ബോംബ് ഉപയോഗിച്ച് 10-15 പേരെ കൊല്ലുന്നവരുണ്ട്, പക്ഷേ ആരും അവരെ ഗുണ്ടാസംഘമെന്ന് വിളിക്കുന്നില്ല- ഇതായിരുന്നു സമാജ് വാദി പാര്‍ട്ടി (എസ്പി) നേതാവ് രാം ഗോപാല്‍ യാദവിന്റെ പ്രസ്താവന. അതേസമയം, പൊതുസമൂഹത്തില്‍ നിന്ന് യോഗി ആദിത്യ നാഥിന്റെ നടപടിയെ ശരിവയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

കൊലപാതകം ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയുടെ ഉദാഹരണമാണെന്ന് സി.പി.എം ട്്വീറ്റ് ചെയ്തു. നിയമവാഴ്ചയ്ക്കതീതമായ കൊലപാതകങ്ങളെ കുറ്റകൃത്യങ്ങള്‍ക്കെതിരായ മറുമരുന്നായി ആഘോഷിക്കുകയാണ് യോഗി സര്‍ക്കാര്‍. അതീഖിനെയും സഹോദരനെയും കൊലയാളികള്‍ വെടിവെച്ചുതീരുന്നതുവരെ പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. നിയമവാഴ്ചയുടെ ഈ തകര്‍ച്ച ജാതിമത ഭേദമെന്യേ, എല്ലാ പൗരന്മാരുടെയും ജീവിതത്തെ കൂടുതല്‍ അരക്ഷിതമാക്കുകയാണെന്നും സി.പി.എം. ആരോപിച്ചു.യു.പി.യില്‍ നടന്നത് രണ്ടുകൊലപാതകങ്ങളാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ പ്രതികരിച്ചു. ഒന്ന് അതീഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫിന്റെയും മറ്റേത് സംസ്ഥാനത്തെ ‘നിയമവാഴ്ച’യുടേതുമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ പറഞ്ഞു. അതേസമയം, സമൂഹത്തിലെ എല്ലാ മാലിന്യവും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുമെന്ന യോഗിയുടെ മുന്‍ പരാമര്‍ശം ട്വീറ്റ് ചെയ്ത് കൊണ്ടാണ് ആതിഖിന്റെ മരണത്തെ പൊതുജനം വരവേറ്റത്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →