ഷാരൂഖിനുവേണ്ടി ജാമ്യാപേക്ഷ കോടതിയില്‍

കോഴിക്കോട് : എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ തീവച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സലിലെ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. പീതാംബരനാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിക്കു മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ 18 നു പരിഗണിക്കും. പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതും 18 നാണ്.
പ്രാഥമിക അന്വേഷണം മുതല്‍ പോലീസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നാണു കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. പ്രതിയെ പിടികൂടിയിട്ടും കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് എന്‍.ഐ.എ. വിലയിരുത്തുന്നു. അതേസമയം, കേസ് എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള നീക്കം ഊര്‍ജിതമായി. അക്രമത്തിലെ തീവ്രവാദബന്ധ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍.ഐ.എ. നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകും. 18 ന് എന്‍.ഐ.എയും പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയേക്കും.

  • ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീവയ്പ്പിനുശേഷം റെയില്‍വേ ട്രാക്കില്‍നിന്നു ശേഖരിച്ച വസ്തുക്കളിലെ വിരലടയാളങ്ങള്‍ കേസില്‍ നിര്‍ണായകമാകും. ഷാരൂഖ് സെയ്ഫി ഉപയോഗിച്ച ബാഗ്, യാത്രക്കാരുടെ ദേഹത്തൊഴിച്ച പെട്രോള്‍ നിറച്ച കുപ്പികള്‍, ഡയറി, നോട്ട് ബുക്കുകള്‍ എന്നിവയില്‍നിന്നാണ് വിരലടയാളങ്ങള്‍ ശേഖരിച്ചത്. യാത്രക്കാരുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച രണ്ടു കുപ്പികളില്‍നിന്നുള്ള വിരലടയാളം പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. ഷാരൂഖ് സഞ്ചരിച്ച ഡി വണ്‍, ഡി ടു കോച്ചുകളില്‍നിന്നു വിരലടയാളം ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെത്തിച്ച ട്രെയിന്‍ ബോഗികളില്‍നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ കണ്ണൂരിലെ ഫിംഗര്‍ പ്രിന്റ് പരിശോധിച്ചു വരികയാണ്. ട്രാക്കില്‍നിന്നു ലഭിച്ച വസ്തുക്കളുടെ പരിശോധന കോഴിക്കോട് ബ്യൂറോയിലാണ് നടക്കുന്നത്.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →