പട്ന: കര്‍ണാടകയിലെ തെരഞ്ഞെടുപ്പു യോഗത്തിലെ പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബിഹാറിലെ പട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2023 ഏപ്രിൽമാസം 25 നു ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു കോടതിനിര്‍ദേശം. ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസിലാണു നടപടി.
2023 മാർച്ച് മാസം 18 ന് ഹര്‍ജി പരിഗണിച്ച പട്നയിലെ എം.പി/എം.എല്‍.എ. കോടതി സ്പെഷല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആദി ദേവ് ഏപ്രില്‍ 12 ന് രാഹുല്‍ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. 12/04/23 ബുധനാഴ്ച വാദത്തിനിടെ രാഹുലിന്റെ അഭിഭാഷകന് തീയതി നീട്ടിച്ചോദിക്കുകയായിരുന്നു. സമാനകേസില്‍ സൂറത്ത് കോടതിവിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാനുള്ള രേഖകള്‍ തയാറാക്കുന്നതിന്റെ തിരക്കിലാണെന്നു കാട്ടിയായിരുന്നു അഭ്യര്‍ഥന. ഇതു പരിഗണിച്ച മജിസ്ട്രേറ്റ് 2023 ഏപ്രിൽമാസം 25 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ രാഹുല്‍ നേരിട്ടു ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു. തന്റെ കക്ഷിയുടെ മൊഴി രേഖപ്പെടുത്തുകയും മുഴുവന്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി വാദിഭാഗത്തിനായി ഹാജരായ പ്രിയ ഗുപ്ത പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പ്രതിസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയുടെ മൊഴിമാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളതെന്നും ഗുപ്ത പറഞ്ഞു.

