ന്യൂഡൽഹി: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ട് തന്റെ കമ്പനിക്ക് കൈമാറാൻ നീക്കമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കണ്ണൂരിലെ റിസോർട്ട് വിൽപനയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. ഓഹരികൾ വിൽക്കുമെന്ന് സ്ഥിരീകരിച്ച ഇ.പി.ജയരാജനും, രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് റിസോർട്ട് വിൽക്കുന്നെന്ന വാർത്ത നിഷേധിച്ചിരുന്നു.
പി.ജയരാജൻ പാർട്ടിയിൽ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് വൈദേകം റിസോർട്ടിലെ ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ പങ്കാളിത്തം വിവാദത്തിലായത്. ഇതോടെ ഓഹരികൾ വിറ്റൊഴിയാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ഏറ്റെടുക്കുന്നുവെന്ന് വാർത്ത വന്നത്.

