ന്യൂഡല്‍ഹി: നിലവിലെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരന്മാരെന്നു റിപ്പോര്‍ട്ട്. അതിസമ്പന്നരായ മുഖ്യന്മാരില്‍ മുന്നില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിനെ നയിക്കുന്ന വൈ.എസ്.ആര്‍. കോണ്‍ഗ്രസിലെ ജഗന്‍ മോഹന്‍ റെഡ്ഡി; ആസ്തി 510 കോടി രൂപ! 15 ലക്ഷം രൂപമാത്രം ആസ്തിയുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയാണു കൂട്ടത്തില്‍ ”ദരിദ്ര”. മമത കഴിഞ്ഞാല്‍ ആസ്തി കുറഞ്ഞവര്‍ കേരളം, ഹരിയാന മുഖ്യമന്ത്രിമാരാണ്. ഇടതു സര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയനും ബി.ജെ.പി. മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറിനും ഒരു കോടിക്കു മുകളിലാണ് ആസ്തി.
28 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിലവിലെ മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 28 സംസ്ഥാനങ്ങള്‍ക്കു പുറമേ കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹിക്കും പുതുച്ചേരിക്കും മുഖ്യമന്ത്രിമാരുണ്ട്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനു നിലവില്‍ മുഖ്യമന്ത്രിയില്ല. 29 മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 33.96 കോടി രൂപവരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് ജഗന്‍ മോഹനു പിന്നിലുള്ളത്. 163 കോടിക്കു മുകളിലാണ് ഖണ്ഡുവിന്റെ ആസ്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് 63 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മൂന്ന് കോടിക്കു മുകളിലാണ് ആസ്തിയെന്നും എ.ഡി.ആര്‍. വ്യക്തമാക്കുന്നു. എ.ഡി.ആര്‍. റിപ്പോര്‍ട്ട് അനുസരിച്ച്, 30 മുഖ്യമന്ത്രിമാരില്‍ 13 പേരും (43%) തങ്ങള്‍ക്കെതിരേ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര ക്രിമിനല്‍ കേസുകളുണ്ടെന്നു വെളിപ്പെടുത്തി. അഞ്ച് വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.