കൊച്ചി: തന്റെ രോഗശമനത്തിനായി പ്രാര്‍ഥിച്ചവര്‍ക്കു നന്ദിയറിയിച്ച് നടന്‍ ബാലയുടെ വീഡിയോ. തന്റെ ഫോട്ടോ കൈയില്‍ പിടിച്ചു കുട്ടികള്‍ പ്രാര്‍ഥിക്കുന്നതിന്റെ ദൃശ്യങ്ങളും ബാല പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിരുന്നു. ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെങ്കിലും ഒരു മാസത്തോളം ആശുപത്രിയില്‍ത്തന്നെ അദ്ദേഹം തുടരും. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണു ബാലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. അസുഖമാണെന്ന് അറിഞ്ഞതുമുതല്‍ ബാലയ്ക്കു കരള്‍ നല്‍കാന്‍ സന്നദ്ധതയറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഒരുപാടുപേര്‍ പ്രാര്‍ഥിക്കുകയും ചെയ്തു. അവര്‍ക്കെല്ലാം നന്ദി അറിയിച്ചുകൊണ്ടാണ് ബാലയുടെ ഫെയ്‌സ്ബുക്ക് വീഡിയോ. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയില്‍ ബാല പങ്കുവച്ചിട്ടുണ്ട്.
”എല്ലാവര്‍ക്കും നമസ്‌കാരം. മതമോ ജാതിയോ ഒന്നുമല്ല. ഞാനൊരു ഹിന്ദുവാണ്. ഇവിടെയിരുന്നു മുസ്ലീങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിരിക്കുന്നു. ഇന്നു ലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍, എന്നെ സ്‌നേഹിക്കുന്നവര്‍ പ്രാര്‍ഥനയോടെ വന്നിരിക്കുന്നു. എല്ലാവര്‍ക്കും മുകളില്‍ കുട്ടികള്‍… ഇന്നസെന്‍സ് ഈസ് ബ്ലെസ് എന്നു പറയും. ആ കുട്ടികള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിരിക്കുന്നു. മൂന്നുപ്രാവശ്യം ജീവിതത്തിലേക്കു തിരിച്ചുവന്നു.
എല്ലാ സത്യങ്ങളും പുറത്തുവരും. വേറൊന്നുമല്ല, അത്ഭുതങ്ങള്‍ സംഭവിക്കും. എല്ലാവരും സന്തോഷമായിരിക്കണം.” ബാല പറയുന്നു. ഇനി തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അടുത്ത വിവാഹം ഒരു നടനുമായി വേണ്ട, ഒരു ഡോക്ടറുമായി മതിയെന്ന് വിവാഹ വാര്‍ഷികത്തിനു കേക്ക് മുറിച്ചു നല്‍കുന്നതിനിടയില്‍ എലിസബത്തിനോടു ബാല പറയുന്നതായി വീഡിയോ ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത വിവാഹവാര്‍ഷികം ഞങ്ങള്‍ ഒരുമിച്ചു ഡാന്‍സ് കളിച്ച് ആഘോഷിക്കുമെന്നാണ് എലിസബത്ത് പറഞ്ഞത്. ഗായിക അമൃതയുമായുള്ള വിവാഹം വേര്‍പിരിഞ്ഞതിനു പിന്നാലെയാണ് ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം മകളെ കാണാന്‍ ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍ഭാര്യ അമൃത സുരേഷും മകളും ആശുപത്രിയിലെത്തി ബാലയെ കണ്ടിരുന്നു.

