ന്യൂഡൽഹി: ഹൈക്കമാൻഡിന്റെ മുന്നറിയിപ്പും ഭീഷണിയും അവഗണിച്ച് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് 11.04.2023ന് ഉപവാസ സമരം തുടങ്ങി. മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷഹീദ് സ്മാരകത്തിലാണ് സച്ചിൻ പൈലറ്റിന്റെ ഉപവാസം. ഉപവാസ സമരം നടത്തുന്നത് പാർട്ടിവിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്ന ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് സച്ചിൻ സമരവുമായി മുന്നോട്ടു പോകുന്നത്.
45,000 കോടി രൂപയുടെ ഖനി അഴിമതിക്കെതിരെ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചായിരുന്നു സംസ്ഥാനത്തു 2018ൽ കോൺഗ്രസ് അധികാരത്തിൽ വന്നതെന്നും സച്ചിൻ ഓർമിപ്പിച്ചു. താനും ഗെലോട്ടും ഒന്നിച്ചാണ് ആരോപണം ഉന്നയിച്ചത്. വാക്കും പ്രവൃത്തിയും ഒന്നാണെന്നു പ്രവർത്തകരെ ബോധ്യപ്പെടുത്താൻ ഉടനടി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് സച്ചിന്റെ ആവശ്യം.
മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരമെങ്കിലും, സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിനെ നയിക്കുന്ന അശോക് ഗെലോട്ടാണ് സച്ചിന്റെ ഉന്നം. വസുന്ധര രാജെയുടെ നേതൃത്വം നൽകിയ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ ഗെലോട്ട് ചെറുവിരൽ അനക്കിയില്ലെന്നാരോപിച്ച് നേരിട്ടുള്ള ആക്രമണമാണു സച്ചിൻ നടത്തുന്നത്. അഴിമതി അന്വേഷിക്കുന്നതിൽ ഗെലോട്ട് പരാജയപ്പെട്ടെന്നാണ് സച്ചിന്റെ വാദം.
സച്ചിന്റെ നിരാഹാര സമരം പുരോഗമിക്കുന്നതിനിടെ, സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി അശോക്ഗെലോട്ട് വിഡിയോ സന്ദേശം പുറത്തുവിട്ടു. ഗെലോട്ടും സച്ചിനും വീണ്ടും മുഖാമുഖമെത്തുന്നത്, കോൺഗ്രസ് അധികാരത്തുടർച്ചയെന്ന പ്രതീക്ഷ നിലനിർത്തുന്ന രാജസ്ഥാനിൽ പാർട്ടിക്ക് വൻതിരിച്ചടിയാണ്.