ദുബായി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ നിയമനടപടി ശക്തിപ്പെടുത്തി ദുബായി പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പച്ചക്കറികൾ വിൽപ്പന നടത്തിയവരുൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. എമിറേറ്റിലെ വിവിധയിടങ്ങളിൽ റോഡരികിലും മററും അനധികൃതമായി കച്ചവടം നടത്തുന്നവർക്കെതിരെയാണ് പൊലീസ് നടപടി ശക്തമാക്കിയരിക്കുന്നത്.
റമദാൻ മാസത്തിൽ അനധികൃതി വഴിയോര കച്ചവടം വർധിച്ചതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുളള 88 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. റോഡരികിൽ പഴം പച്ചക്കറികൾ എന്നിവ വിൽപ്പന നടത്തുന്നവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത്തരക്കാർ കച്ചവടം നടത്തുന്നതെന്നും എമിറേറ്റിൽ സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ദുബായ് പോലീസ് ക്രിമിനൽ അന്വേഷണ വകുപ്പിലെ ഡയറക്ടർ കേണൽ അലി സലീം അൽ ഷംസി പറഞ്ഞു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ലൈസൻസുള്ള വ്യാപാരികളിൽനിന്ന് മാത്രം സാധനങ്ങൾ വാങ്ങണമെന്നും പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു.

