കൊച്ചി: സിബിഐ സീരീസുകളുടെ തോഴന്‍ എസ്.എന്‍ സ്വാമി സംവിധായകനാകുന്നു. 72-ാം വയസിലാണ് എസ്.എന്‍. സ്വാമി സംവിധായകനായി അരങ്ങേറ്റം നടത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആണ് സ്വാമിയുടെ ആദ്യ ചിത്രത്തിലെ നായകന്‍. രണ്ടു നായികമാരില്‍ ഒരാള്‍ അപര്‍ണ ദാസാണ്. ജേക്കബ് ഗ്രിഗറി ആണ് മറ്റൊരു താരം. വിഷു ദിനത്തില്‍ ചിത്രത്തിന്റെ പൂജ നടക്കുമെന്ന് എസ്.എന്‍. സ്വാമി പറഞ്ഞു. ചിത്രത്തിന്റെ രചനയും സ്വാമിയുടേതാണ്.
സി.ബി.ഐ സീരീസ് ചിത്രങ്ങളുടെ രചയിതാവ് എന്ന നിലയില്‍ റെക്കോര്‍ഡിന് ഉടമയാണ് സ്വാമി. പോയവര്‍ഷം(2022) സി.ബി.ഐ സീരീസിലെ സി.ബി.ഐ 5- ദ് ബ്രെയ്ന്‍ ആണ് എസ്.എന്‍. സ്വാമി രചന നിര്‍വഹിച്ച അവസാന ചിത്രം. മമ്മൂട്ടി – കെ. മധു എസ്.എന്‍. സ്വാമി ടീം 17 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരവ് നടത്തി എന്ന പ്രത്യേകത കൂടിയുണ്ട്.
തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയ കഥയാണ് ചിത്രത്തിന്റേത്.
എറണാകുളത്തപ്പന്‍ ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ആണ് നിര്‍മ്മാണം. സ്വാമിയുടെ മകന്‍ ശിവറാം ആണ് ചിത്രത്തിന്റെ സഹ സംവിധായകന്‍. 1980 ല്‍പുറത്തിറങ്ങിയ ചക്കരയുമ്മ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി എസ്.എന്‍. സ്വാമി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇരുപതാം നൂറ്റാണ്ട് എന്ന മോഹന്‍ലാല്‍ ചിത്രവും ആ സിനിമയുടെ സൂപ്പര്‍ ഹിറ്റ് വിജയവും സ്വാമിക്ക് വലിയ പ്രശസ്തി നല്‍കി. പിന്നാലെ എത്തിയ സി.ബി. എൈ ഡയറിക്കുറിപ്പും വലിയ വിജയം നേടി. തമിഴ്നാട്ടിലെ തിരുച്ചെന്തിരൂര്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

